SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.06 PM IST

ചരിത്രനേട്ടം... ഹാച്ചറിയിൽ കണ്ടൽകക്ക വിരിയിക്കാൻ സി.എം.എഫ്.ആർ.ഐ

Increase Font Size Decrease Font Size Print Page
kandal

തിരുവനന്തപുരം: വംശനാശ ഭീഷണി നേരിടുന്ന കണ്ടൽ കക്കകളെ ലാബിൽ വളർത്തിയെടുത്ത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കൃത്രിമ പ്രജനനത്തിലൂടെ വളർത്തിയെടുത്ത കണ്ടൽകക്ക കുഞ്ഞുങ്ങളെ കണ്ടൽ വനങ്ങളിൽ നിക്ഷേപിക്കുന്നതോടെ, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ഇവയുടെ ഉത്പാദനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാകും.

കേരളത്തിൽ കക്ക ഉത്പാദനം പ്രതിവർഷം 25,000 മുതൽ 30,000 ടൺ വരെയാണെങ്കിൽ കണ്ടൽ കക്ക ചെറിയൊരു ശതമാനമേയുള്ളൂ. കായലോരങ്ങളിലെ പോഷകങ്ങൾ പുനരുത്പ്പാദിപ്പിക്കുന്നതിനും അടിത്തട്ടിന്റെ സുസ്ഥിരത നിലനിറുത്തുന്നതിനും കണ്ടൽ കക്കകൾക്ക് പങ്കുണ്ട്. അതിജീവനം വർദ്ധിപ്പിച്ച് വൻതോതിൽ വിത്തുത്പ്പാദനം നടത്തുന്നതിനുള്ള ശ്രമങ്ങൾ സി.എം.എഫ്.ആർ.ഐയിൽ പുരോഗമിക്കുകയാണ്.

ശാസ്ത്രീയ വിജയം

ദക്ഷിണ-തെക്കുകിഴക്കൻ ഏഷ്യയിലെ കണ്ടൽക്കാടുകളിൽ കണ്ടുവരുന്ന 'ജിലോയ്‌ന ഇറോസ' എന്നയിനം കക്കകളിലാണ് സി.എം.എഫ്.ആർ.ഐയുടെ മാരികൾച്ചർ വിഭാഗം പരീക്ഷണം നടത്തിയത്. ലാർവകളുടെ പൂർണമായ വളർച്ച ലാബിൽ വിജയകരമായി പൂർത്തിയാക്കിയ ഗവേഷകർ, മുട്ടവിരിഞ്ഞ് പതിനെട്ടാം ദിവസം മുതൽ ഇവ വിത്തുരൂപത്തിലേക്ക് മാറുന്നത് കണ്ടെത്തി. ഏകദേശം 10 സെന്റിമീറ്റർ വരെ വീതിയിൽ വളരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കക്ക വർഗങ്ങളിൽ ഒന്നാണിത്. ഇരുമ്പ് , പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണിവ.

പരിസ്ഥിതിയും ഉപജീവനവും

അനിയന്ത്രിതമായ കക്ക വാരൽ, മലിനീകരണം, കണ്ടൽകാടുകളുടെ നാശം എന്നിവ കണ്ടൽ കക്കകളുടെ സ്വാഭാവിക പ്രജനനത്തെ ബാധിച്ചു. പുതിയ സാങ്കേതികവിദ്യ വഴി കക്ക ഉത്പ്പാദിപ്പിക്കുന്നതും കുറഞ്ഞ ചെലവിൽ ഇവയെ വളർത്തിയെടുക്കാനുള്ള കൃഷിരീതികൾ വികസിപ്പിക്കുന്നതും തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും സുസ്ഥിര ഉപജീവനമാർഗത്തിനുള്ള വഴിതെളിക്കും.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY