പാലക്കാട്: സംഘടനാ നടപടി നേരിട്ട പി.കെ.ശശിയെ രണ്ട് ചുമതലകളിൽ നിന്ന് കൂടി നീക്കി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് സ്ഥാനങ്ങളിൽ നിന്നാണ് മാറ്റിയത്. ശശിയ്ക്ക് പകരം ജില്ലാ കമ്മിറ്റി അംഗം പി. എൻ. മോഹനൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റാകും. ടി.എം.ശശി ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റുമാകും. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തു നിന്ന് പി.കെ.ശശിയെ മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് നിലപാട്.
അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി പദവികളിൽ നിന്നു പി.കെ.ശശിയെ ഒഴിവാക്കിയത്. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസിൽ കുടുക്കാനായി ശശി നടത്തിയ ഗൂഢാലോചനയും പുറത്തുവന്നിരുന്നു. ഇതും നടപടിക്ക് കാരണമായി.
നേരത്തെ ശശിക്കെതിരായി സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നൽകിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാനായിരുന്നു തീരുമാനം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിയെ ബ്രാഞ്ചിലേയ്ക്ക് തരംതാഴ്ത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |