ശിവഗിരി: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നയിച്ച ശിവഗിരി- ഗുരുകുലം തീർത്ഥാടന പദയാത്ര ശിവഗിരി മഹാസമാധിയിൽ സമാപിച്ചു.
ഗുരുദേവ പാദസ്പർശങ്ങളാൽ പവിത്രമായ ചേവണ്ണൂർ കളരിയിൽ നിന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ സമാരംഭം കുറിച്ച പദയാത്രയെ വിവിധ യൂണിയനുകളിൽ നിന്നുള്ള പ്രവർത്തകർ അനുധാവനം ചെയ്തു. ഗുരുദേവ വിഗ്രഹവും വഹിച്ച് അലങ്കരിച്ച രഥത്തിന് പിന്നാലെ നാമജപത്തോടെയാണ് ഭക്തരെത്തിയത് . ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണമിക്കാൻ പീതവസ്ത്രധാരികളായി ശ്രീനാരായണ ഗുരുഭക്തർ ഒഴുകിയെത്തി. 18 യൂണിയനുകളിൽ നിന്നുള്ള ഏഴായിരത്തിലധികം പ്രവർത്തകർ അണിചേർന്നു. 2860 പ്രവർത്തകർ അണിനിരന്ന പദയാത്ര ചൊവ്വാഴ്ച രാത്രിയിൽ വർക്കലയിൽ എത്തിച്ചേർന്നിരുന്നു .
ഇന്നലെ രാവിലെ 9.45 ഓടെ പദയാത്ര ശിവഗിരി മഹാ സമാധിയിൽ എത്തിച്ചേർന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും മറ്റ് സന്യാസിമാരും
ചേർന്ന് സ്വീകരിച്ചു തുഷാർ വെള്ളാപ്പള്ളി സമാപന സന്ദേശം നൽകി. വരും വർഷങ്ങളിൽ ഗുരുഭക്തരായ പതിനായിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ യൂണിയനുകളിൽ നിന്നുളള പദയാത്ര ക്യാപ്റ്റൻ , വൈസ് ക്യാപ്റ്റൻ എന്നിവരെ തുഷാർ ഷാൾ അണിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |