തൃശൂർ: സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വലിയ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി തീർക്കാനുളള പെടാപ്പാടിന് നാലുവർഷം. ആകെ 267.20 കോടിയാണ് നിക്ഷേപം. ഇതിൽ 149.22 കോടിയാണ് തിരികെ നൽകിയത്. 396.79 കോടിയുടെ വായ്പകളിൽ 135.1 കോടിയുടെ കുടിശിക തിരികെപിടിച്ചു. ഈയിടെ ആയിരം പുതിയ നിക്ഷേപകരെ കൊണ്ടുവരാൻ ശ്രമം നടത്തി. 166 പേരിൽ നിന്ന് ഒരു കോടിയിലേറെ രൂപ നിക്ഷേപമായി ശേഖരിച്ചു. വിശ്വസ്തരായ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഫലമായി ആറ് ലക്ഷം വരെ സ്ഥിരനിക്ഷേപം കിട്ടി.
സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂൾ ചന്തയും മൂന്ന് സൂപ്പർമാർക്കറ്റും സജീവമാണ്. ബാങ്കിന്റെ പ്രധാന വരുമാനമാർഗമായിരുന്ന സൂപ്പർമാർക്കറ്റുകൾ മാപ്രാണം, കരുവന്നൂർ, മൂർക്കനാട് എന്നിവിടങ്ങളിലാണ്. ഹോം ഡെലിവറി സംവിധാനം അടക്കം വിപുലമാക്കിയാണ് പ്രവർത്തനം. നീതി മെഡിക്കൽ സ്റ്റോറും ലാഭത്തിലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
നിക്ഷേപക്കുടിശ്ശിക പൂർണമായി നൽകാനായില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാവില്ലെന്ന് ബോധ്യമുള്ളതിനാൽ ബാങ്കിനെ കരകയറ്റാൻ പാർട്ടിയുടെ ശക്തമായ ഇടപെടലുമുണ്ട്. അതിന്റെ ഭാഗമായാണ് നേതാക്കളെ ബാങ്കിന്റെ നേതൃത്വത്തിലെത്തിച്ചത്. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടശേഷം നിലവിലുള്ളത് മൂന്നാമത്തെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ്.
ഓഡിറ്റ് റിപ്പോർട്ടിലൂടെ
പുറത്തായ തട്ടിപ്പ്
2018-19 ൽ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അഴിമതി പുറത്തുവരാൻ തുടങ്ങിയത്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തി 2020 ഒക്ടോബർ 10ന് റിപ്പോർട്ട് സമർപ്പിച്ചു. 2021 ജൂലായ് 14 ന് ബാങ്കിന്റെ അന്നത്തെ സെക്രട്ടറി ഇ.എസ്.ശ്രീകല ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. മുൻ സെക്രട്ടറി അടക്കം ആറ് പേർക്കെതിരെ ജൂലായ് 19 ന് കേസെടുത്തതോടെയാണ് തട്ടിപ്പ് ലോകമറിഞ്ഞത്. അനധികൃതമായി വായ്പകൾ നൽകി ജീവനക്കാരുടെ സംഘം 100 കോടിയോളം ബാങ്കിൽ നിന്ന് തട്ടിയെടുത്തുവെന്നായിരുന്നു പരാതി. സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതോടെയാണ് അഡ്മിനിസ്‌ട്രേറ്റർ ഭരണം ആരംഭിച്ചത്. 2023 ഡിസംബറിൽ മൂന്നംഗങ്ങളുള്ള രണ്ടാമത്തെ കമ്മിറ്റി ചാർജേറ്റെടുത്തു. ഇവർ ഒരു വർഷവും ഒരു മാസവും പിന്നിട്ടതോടെയാണ് പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തത്. ആർ.എൽ.ശ്രീലാൽ കൺവീനറായി മൂന്നംഗ കമ്മിറ്റിയാണ് നിലവിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |