പത്തനംതിട്ട : പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സ്വർണപ്പാളിക്കടത്തിൽ പ്രതികളായ ദേവസ്വം ബോർഡിലെ ഒൻപത് ഉദ്യോഗസ്ഥർക്കുള്ള പങ്ക് വ്യക്തമായി പറയുന്നുണ്ട്.
മുരാരി ബാബു:
രണ്ടാം പ്രതി.മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പ് തകിടുകളിൽ 1998ൽ സ്വർണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നിട്ടും 2019ൽ വെറും ചെമ്പുതകിടുകൾ എന്ന് എഴുതി സ്വർണം പൂശുന്നതിന് വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് നൽകി.
ഡി. സുധീഷ് കുമാർ
മൂന്നാം പ്രതി.മുൻ എക്സിക്യൂട്ടീവ് ഓഫീസർ. സ്വർണം പൂശുന്നതിനായി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച ഇ മെയിലിനെ തുടർന്ന്, സ്വർണം പൊതിയാൻ ദ്വാരപാലക ശിൽപ്പങ്ങൾ അനുവദിക്കണമെന്ന് 2024ൽ ദേവസ്വം ബോർഡിലേക്ക് നിയമവിരുദ്ധമായ റിപ്പോർട്ട് നൽകി. സ്വർണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പ് തകിടുകൾ എന്നെഴുതി. തകിടുകൾ കൊടുത്തുവിടുന്ന സമയത്ത് തയ്യാറാക്കിയ മഹസറുകളിൽ വെറും ചെമ്പ് തകിടുകൾ എന്നെഴുതി.
എസ്. ജയശ്രീ
നാലാം പ്രതി. മുൻ ദേവസ്വം സെക്രട്ടറി. മഹസർ സമയത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ, സ്ഥലത്ത് ഉണ്ടായിരുന്നെന്ന് എഴുതി. ദ്വാരപാലക ശിൽപ്പങ്ങളിലെ തകിടുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവ് നൽകി.
കെ. സുനിൽകുമാർ.
എസ് ശ്രീകുമാർ
അഞ്ചും ആറും പ്രതികൾ. മുൻ അസി. എൻജിനീയറും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും. ചെമ്പ് തകിടുകൾ എന്നെഴുതിയ മഹസറിൽ സാക്ഷികളായി ഒപ്പിട്ടു. സ്വർണപ്പാളികൾ 2019 സെപ്തംബർ 11ന് തിരികെ എത്തിച്ചപ്പോൾ തൂക്കം നോക്കാതെ മഹസർ തയ്യാറാക്കിയത് ശ്രീകുമാറാണ്.
കെ. എസ്. ബൈജു
ഏഴാം പ്രതി .മുൻ തിരുവാഭരണം കമ്മിഷണർ.
ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കിയെടുത്ത് കൈമാറിയ സമയത്ത് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വപ്പെട്ട ആളാണെങ്കിലും തൂക്കം നോക്കാനും മറ്റും സ്മിത്തിനെ നിയോഗിച്ചില്ല.
ആർ. ജി രാധാകൃഷ്ണൻ
എട്ടാം പ്രതി. ബൈജുവിന് മുമ്പ് ഉണ്ടായിരുന്ന തിരുവാഭരണം കമ്മിഷണർ.സ്മാർട്ട് ക്രിയേഷൻസിൽ വച്ച് സ്വർണപ്പാളികളുടെ തൂക്കം അളന്നുനോക്കിയില്ല.
വി. എസ് രാജേന്ദ്രപ്രസാദ്,
കെ. രാജേന്ദ്രകുമാർ
ഒൻപത്, പത്ത് പ്രതികൾ.മുൻ എക്സിക്യൂട്ടീവ് ഓഫീസറും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും. ദ്വാരപാലക ശിൽപ്പങ്ങൾ തിരികെ സ്ഥാപിക്കുന്ന സമയത്ത് തൂക്കം നോക്കാതെ പേരിന് മാത്രം മഹസർ തയ്യാറാക്കി. സ്വർണം പൂശിയ ദേവസ്വം വക താങ്ങുപീഠം തിരുവാഭരണം രജിസ്റ്ററിലോ മറ്റ് രജിസ്റ്ററിലാേ എഴുതിച്ചേർക്കാതെ ദ്വാരപാലക ശിൽപ്പത്തിൽ സ്ഥാപിക്കാൻ അനുവദിച്ചു. ഈ സമയവും മഹസർ തയ്യാറാക്കിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |