
കൊച്ചി: മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായ കാസനോവ, മരക്കാർ അറബിക്കടലിന്റെ സിംഹം, അനോമി തുടങ്ങിയ ആറ് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് സി.ജെ. റോയ്. ഭാവന അഭിനയിച്ച അനോമി റിലീസിംഗിന് ഒരുങ്ങവേയാണ് റോയിയുടെ അപ്രതീക്ഷിത വിയോഗം. സിനിമയിലെ അപ്രതീക്ഷിതമായ ക്ളൈമാക്സ് പോലെ.
മോഹൻലാലിന്റെ കടുത്ത ആരാധകനായതിനാൽ സിനിമകളിൽ മിക്കതിലും ലാൽ തന്നെയായിരുന്നു നായകനും. ലാലുമായി അടുത്ത സൗഹൃദവും പുലർത്തി. ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാപുരസ്‌കാരമായ സൈമയുടെ പ്രധാന സ്‌പോൺസർമാരിൽ ഒരാളും ഇദ്ദേഹമാണ്. കോൺഫിഡന്റിന്റെ പരസ്യങ്ങളിൽ സിനിമാതാരങ്ങളായിരുന്നു മോഡലുകളും.
2012ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം കാസനോവയിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ആശിർവാദ് സിനിമാസിനൊപ്പം നിർമ്മാണപങ്കാളിയായി. 12 കോടിയായിരുന്നു അന്നത്തെ ബഡ്ജറ്റ്. 2013ൽ സിദ്ദിഖിന്റെ സംവിധാനത്തിൽ മോഹൻലാലും മീരാജാസ്മിനും അഭിനയിച്ച ലേഡീസ് ആൻഡ് ജെന്റിൽമാൻ നിർമ്മാണത്തിലും ആശിർവാദ് സിനിമാസിനൊപ്പം തന്നെ. 2021ൽ പ്രിയദർശൻ സംവിധാനംചെയ്ത് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും പണംമുടക്കി. 2022ൽ സുരേഷ്ഗോപിയെ നായകനാക്കി നിർമ്മിച്ച മേം ഹൂം മൂസയും 2025ൽ ടോവിനോ നായകനായ ഐഡന്റിറ്റിയും നിർമ്മിച്ചു.
2006ൽ ഐഡിയ സ്റ്റാർ സിംഗർ ടിവി പരിപാടിയിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സ്ക്രീനിലേക്കെത്തിയത്. മറ്റ് ഭാഷകളിലും ടിവി പരിപാടികളുടെയും സ്‌പോൺസർമാരായി. പ്രളയകാലത്ത് നൂറോളം വീടുകൾ നിർമ്മിക്കാനും മുന്നിട്ടിറങ്ങി. നിരവധി പേരുടെ ഹൃദയശസ്ത്രക്രിയകളും നടത്തി. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളും നൽകാറുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |