
മലപ്പുറം: ഈ സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കേ വാർഷിക പദ്ധതി വിഹിതത്തിന്റെ പകുതിപോലും ചെലവഴിക്കാതെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ. ബഡ്ജറ്റിൽ വകയിരുത്തിയത് 8,452.48 കോടി. ചെലവഴിച്ചത് 3,235.05 കോടി. 38.27%. ചെലവഴിക്കാനുള്ളത് 5,217.43 കോടി.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ ഉദ്യോഗസ്ഥർ ശ്രദ്ധചെലുത്തിയതും നവംബർ 10ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതും പദ്ധതികൾ നടപ്പാക്കുന്നതിനും ഫണ്ട് ചെലവഴിക്കലിനും തടസമായി. നിർവഹണ ഉദ്യോഗസ്ഥരായ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരെ ഉൾപ്പെടെ ബി.എൽ.ഒമാരായി നിയമിച്ചതും തിരിച്ചടിയായി.
മഴ മാറിനിൽക്കുന്നതിനാൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് നിർമ്മാണ പ്രവൃത്തികളുടെ ഫണ്ട് കാര്യമായി വിനിയോഗിക്കാറുള്ളത്. ഡിസംബർ 15നാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചത്. പിന്നാലെ പദ്ധതികളുടെ ഭരണ, സാങ്കേതികാനുമതികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഉദ്യോഗസ്ഥർ. അതിനിടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി രൂപീകരണം ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാർ ഉത്തരവ് നൽകിയതോടെ ശ്രദ്ധ കൂടുതലും അങ്ങോട്ടേക്കായി.
മാർച്ചിന് മുമ്പ് നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നേക്കാം. ഇതിനുമുമ്പ് വാർഷിക പദ്ധതിക്ക് അംഗീകാരം നേടണമെന്നാണ് സർക്കാർ ഉത്തരവ്. ഇതിനായി ഇന്നുമുതൽ ഫെബ്രുവരി അഞ്ചിനകം ഗ്രാമ,വാർഡ് സഭകൾ ചേരണം. വികസന സെമിനാറുൾപ്പെടെ പൂർത്തീകരിച്ച് ഫെബ്രുവരി ഏഴിനകം കരട് വാർഷിക പദ്ധതി രേഖ തയ്യാറാക്കണം. 20നകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം തേടണം. അല്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ വരും. മുൻകൂട്ടി വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടിയാൽ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പദ്ധതി നിർവഹണത്തിന് തടസമുണ്ടാകില്ല.
പദ്ധതി വിഹിതം,
ചെലവഴിച്ചത്
(തദ്ദേശ സ്ഥാപനം, ബഡ്ജറ്റ് വിഹിതം (കോടിയിൽ),
ചെലവഴിച്ചത്, ശതമാനം ക്രമത്തിൽ)
ഗ്രാമപഞ്ചായത്ത്.......4309........................................1860..........................43.19
ബ്ലോക്ക്.......................1022..........................................410...........................40.01
ജില്ലാപഞ്ചായത്ത്......1022.........................................366...........................35.79
മുനിസിപ്പാലിറ്റി............1104.....................................333.............................30.15
കോർപ്പറേഷൻ.............992........................................264............................26.66
ജില്ലാതല കണക്ക്
(ചെലവിട്ടത്
ശതമാനത്തിൽ)
തിരുവനന്തപുരം..............37.76
കൊല്ലം................................41.62
ആലപ്പുഴ..............................39.06
പത്തനംതിട്ട.........................39.16
ഇടുക്കി..................................33.5
കോട്ടയം................................39.51
എറണാകുളം.......................32.5
തൃശൂർ..................................42.57
പാലക്കാട്.............................40.43
മലപ്പുറം................................40.22
കോഴിക്കോട്........................34.04
വയനാട്.................................34.85
കണ്ണൂർ....................................35.17
കാസർകോട്.......................38.29
ആകെ....................................38.27
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |