ശബരിമല: പൈങ്കുനി ഉത്ര ഉത്സവം നടക്കുന്ന ശബരീശ സന്നിധി ഉത്സവബലിയുടെയും ശ്രീഭൂത ബലിയുടെയും ധന്യതയിൽ. ഇന്നലെ ഉച്ചപൂജയ്ക്കുശേഷം മരപ്പാണികൊട്ടി ഭൂതഗണങ്ങളെ ഉണർത്തി. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മൂലബിംബത്തിലെ ചൈതന്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചു. അനുജ്ഞവാങ്ങി മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി ശ്രീബലി വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിച്ചു. ഇന്ദ്രാദി ദേവതകൾക്കും ക്ഷേത്രപാലകനും ഹവിസ് അർപ്പിച്ച് പ്രദക്ഷിണം പൂർത്തിയാക്കി. അഷ്ടദിക് പാലകർക്കും ബലി തൂകിയ ശേഷം ദേവനെ പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചിരുത്തി. സപ്തമാതൃക്കൾക്കും ഹവിസ് അർപ്പിച്ചു. ഈ സമയത്തായിരുന്നു ഉത്സവബലി ദർശനം. ഉത്സവത്തിന്റെ അഞ്ചാം ദിനമായ 6ന് വിളക്കിനെഴുന്നെള്ളത്ത് നടക്കും.
10നാണ് പള്ളിവേട്ട. 11ന് രാവിലെ 9ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. ആറാട്ടിനുശേഷം ദേവനെ പമ്പാഗണപതി കോവിലിലേക്ക് എഴുന്നെള്ളിച്ചിരുത്തും. വൈകിട്ട് 3ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ദീപാരാധന എന്നിവ നടക്കും. മേടവിഷു ഉത്സവം 10ന് ആരംഭിക്കും. 14നാണ് വിഷു. മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |