
വടക്കാഞ്ചേരി: ഓട്ടൻ തുള്ളൽ കലാകാരി കലാമണ്ഡലം ദേവകി (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിയാണ്. ക്ലാസിക്കൽ നൃത്തവും കഥകളിയും ചെയ്തിരുന്നു. കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം ഉൾപ്പടെ നിരവധി നേട്ടങ്ങൾക്ക് ഉടമയാണ് തുള്ളൽ കലയിലെ ആദ്യ വനിത കൂടിയായ കലാമണ്ഡലം ദേവകി.
തൃശൂർ ജില്ലയിലെ നെല്ലുവായിലാണ് ജനനം. അമ്മാവൻ കലാമണ്ഡലം ഗോപാലൻ നായർ കഥകളി നടനും അദ്ധ്യാപകനുമായിരുന്നു. പിതാവ് കടമ്പൂർ ദാമോദരൻ നായർ കോട്ടക്കലിലെ നടനും ഭാഗവതരുമായിരുന്നു. നെല്ലുവായിൽ ലളിതകലാലയത്തിൽ നൃത്ത പരിശീലനം നടത്തിയിരുന്നു ദേവകി.
പന്ത്രണ്ടാം വയസിൽ, കലാമണ്ഡലത്തിൽ തുള്ളൽ പഠിക്കാൻ ചേർന്നു. 1961ലായിരുന്നു അരങ്ങേറ്റം. 'പാത്രചരിതം" ആണ് അരങ്ങിൽ അവതരിപ്പിച്ചത്. 1972ൽ മദ്ദളം കലാകാരനായ കലാമണ്ഡലം നാരായണൻ നായർ ദേവകിയെ വിവാഹം കഴിച്ചു. 1964ൽ കേരള കലാമണ്ഡലത്തിൽ നിന്ന് ബിരുദം നേടിയ ശേഷം,ഫ്രഞ്ച് കഥകളി അദ്ധ്യാപികയായ മിലേന സാൽവിനി പാരീസിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാൻ ദേവകിയെ ക്ഷണിച്ചു.
കലാമണ്ഡലത്തിൽ അദ്ധ്യാപികയായി മൂന്നുവർഷം പ്രവർത്തിച്ചു. പിന്നീട് ധന്വന്തരി കലാക്ഷേത്രം എന്ന സ്വന്തം നൃത്തസ്ഥാപനം സ്ഥാപിച്ചു. മക്കൾ: പ്രസാദ്, പ്രസീത, മരുമകൾ: സംഗീത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |