തിരുവനന്തപുരം: നിയമസഭയെ കടലാസ് രഹിതമാക്കാൻ തുടങ്ങിയ ഇ-നിയമസഭ പദ്ധതി പ്രവർത്തനങ്ങൾ നീണ്ടുപോകാനുള്ള കാരണങ്ങൾ പ്രത്യേക സമിതി പരിശോധിക്കും. ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി രത്തൻഖേൽക്കറുടെ നേതൃത്വത്തിൽ ആറംഗ സമിതി ഉടൻ രൂപീകരിക്കും.
നിയമസഭയുടെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനാക്കാനുള്ള പദ്ധതി ഊരാളുങ്കൽ സൊസൈറ്രിക്കാണ് കരാർ നൽകിയിരിക്കുന്നത്. പദ്ധതി നീളുന്നതിൽ സ്പീക്കർ എ.എൻ.ഷംസീർ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സമിതിയെ നിയോഗിക്കുന്നത്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന രത്തൻഖേൽക്കർ രണ്ടുദിവസം മുമ്പാണ് മടങ്ങിയെത്തിയത്. അടുത്ത ദിവസം തന്നെ കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് പദ്ധതിക്ക് തുടക്കമിട്ടത്. 52 കോടിയാണ് വകയിരുത്തിയത്.
2019 ഏപ്രിലിൽ തുടങ്ങി 2020 ജൂണിൽ തീർക്കാനായിരുന്നു കരാർ. 15 മാസത്തിൽ തീരേണ്ട ജോലിയാണ് നാലുവർഷമായി നീളുന്നത്. സമയബന്ധിതമായി ജോലികൾ തീർക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ. ആറു തവണ സർക്കാർ സമയം നീട്ടി നൽകി. നിശ്ചിത സമയത്ത് തീർത്തില്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കാൻ കരാറിൽ വ്യവസ്ഥയുമില്ല. സെപ്തംബറിൽ ജോലികൾ തീർക്കാമെന്ന ഉറപ്പ് പാലിക്കാതെ വീണ്ടും കാലാവധി നീട്ടി ചോദിച്ചതോടെയാണ് സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചതും സർക്കാരിന് കത്തു നൽകിയതും. 13 കോടി രൂപ കമ്പനിക്ക് മുൻകൂറായി അനുവദിച്ചിരുന്നു. ഇതിൽ 11 കോടി ചെലവിട്ട് കമ്പ്യൂട്ടറും ഹാർഡ് വെയറും വാങ്ങുകയും ചെയ്തു. ഇതിൽ പല ഉപകരണങ്ങളുടെയും വാറന്റി കഴിഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പിഹാൾ നവീകരിക്കാനും ഗ്രൗണ്ട് ഫ്ളോറിലെ ഒഴിഞ്ഞ സ്ഥലം ഡൈനിംഗ് ഹാളാക്കാനുമുൾപ്പെടെയുള്ള ജോലികളും ടെൻഡറില്ലാതെ ഊരാളുങ്കലിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |