തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് ആരംഭിച്ച ആദ്യത്തെ വന്ദേഭാരതിന് ഒരു സ്റ്റോപ് കൂടി അനുവദിക്കണം എന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരം - കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് (20633 /20634) ട്രെയിനിനാണ് ഒരു സ്റ്റോപ് കൂടി വേണമെന്ന ആവശ്യം ഉയരുന്നത്. മലപ്പുറം ജില്ലയിലെ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ് വേണമെന്നാണ് ആവശ്യം ഉയരുന്നത്. 2023ല്‍ കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചപ്പോള്‍ മുതല്‍ ഈ സ്‌റ്റേഷനില്‍ സ്‌റ്റോപ് വേണമെന്ന് മലപ്പുറം ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ ഉന്നയിക്കുന്ന ആവശ്യമാണ്.
അതേസമയം, ഈ ആവശ്യത്തോട് റെയില്‍വേ അധികൃതര്‍ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്ന ട്രെയിനിന് (വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍) കാസര്‍കോടിനും തിരുവനന്തപുരത്തിനും ഇടയില്‍ ഒമ്പത് സ്റ്റോപ്പുകളാണുള്ളത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലം ജംഗ്ഷന്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍ വഴിയാണ് ഉച്ചയ്ക്ക് 1.30ന് കാസര്‍കോട്ടേക്ക് എത്തുന്നത്.
2.30ന് കാസര്‍കോട് നിന്ന് പുറപ്പെടുന്ന മടക്കയാത്ര രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും. കോഴിക്കോട് സ്‌റ്റേഷനില്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നീട് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. പിന്നെ വന്ദേഭാരത് നിര്‍ത്തുന്നത് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ ജംഗ്ഷനിലാണ്.
മലപ്പുറം ജില്ലയിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം തിരൂരിലോ കുറ്റിപ്പുറത്തോ സ്‌റ്റോപ് ഇല്ലാത്തത് കാരണം ഇവര്‍ക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ ഷൊര്‍ണൂരിലേക്ക് ദീര്‍ഘദൂരം സഞ്ചരിച്ച് എത്തേണ്ട സ്ഥിതിയാണ്. ഇത് ജില്ലയിലെ യാത്രക്കാരോടുള്ള റെയില്‍വേയുടെ അവഗണനയാണെന്നാണ് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |