
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴയിൽ നാളെ പ്രാദേശിക അവധി. ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. റെസിഡൻഷ്യൽ സ്‌കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. അതുപോലെ എസ് ഐ ആറുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും ഉത്തരവ് ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, ക്ഷേത്രത്തിൽ നാളെ രാവിലെ ഒമ്പതിന് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്കുശേഷം ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കെടാവിളക്കിലേക്ക് ദീപം പകരും. നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരപ്പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകർന്ന് പൊങ്കാലക്ക് തുടക്കം കുറിക്കും.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. തമിഴ്നാട് മുൻമുഖ്യമന്ത്രി ഒ.പനീർശെൽവം ഭദ്രദീപം പ്രകാശനം നടത്തും. പൊങ്കാല നേദ്യത്തിനുശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |