
തിരുവനന്തപുരം: ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ നിലവിലെ ദേവസ്വം ബോർഡിനെതിരെ രണ്ടാമതും ഹൈക്കോടതിയുടെ പരാമർശമുണ്ടായ സാഹചര്യത്തിൽ ബോർഡിന്റെ കാലാവധി നീട്ടി നൽകില്ല. പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. മുൻ ഹരിപ്പാട് എം.എൽ.എയും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കയർഫെഡ് ചെയർമാനുമായ ടി.കെ.ദേവകുമാറിനാണ് സാദ്ധ്യത. മുൻ എം.പി എ. സമ്പത്തിന്റെ പേരും സജീവ പരിഗണനയിലുണ്ട്.
പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും ബോർഡ് അംഗം എ.അജികുമാറിന്റെയും കാലാവധി
12 ന് അവസാനിക്കുകയാണ്. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വിളപ്പിൽ രാധാകൃഷ്ണനാണ് അജികുമാറിന് പകരം അംഗമാവുക.മണ്ഡലകാലം കഴിയും വരെ നിലവിലെ ബോർഡ് തുടരട്ടെയെന്ന നിലപാടായിരുന്നു സർക്കാരിനും ദേവസ്വം വകുപ്പിനും. കാലാവധി നീട്ടി നൽകാൻ ഓർഡിനൻസ് കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ പരാമർശം വരുന്നത്. ഓർഡിനൻസിലൂടെ തുടരാൻ അനുവദിച്ചാൽ ഒ കോടതിയിൽ തിരിച്ചടിയുണ്ടാവുമോ എന്ന ആശങ്കയും ഉയർന്നു. മാത്രമല്ല, കോടതി പരാമർശമുള്ള സ്ഥിതിക്ക് ഓർഡിനൻസ് ഗവർണർ ഒപ്പു വയ്ക്കാതിരുന്നാലും പ്രതിസന്ധിയാവും.
കഴിഞ്ഞ സെപ്റ്റംബറിൽ വീണ്ടും ദ്വാരപാലക ശില്പം അറ്റകുറ്റ പണികൾക്കായി കൊണ്ടുപോയത് ഹൈക്കോടതി പരാമർശിച്ചതാണ് നിലവിലെ ബോർഡിനെ പ്രതിസന്ധിയിലാക്കിയത്. ബോർഡ് അംഗമായി സി.പി.ഐ നിർദ്ദേശിച്ച വിളപ്പിൽ രാധാകൃഷ്ണൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷനാണ്.
പട്ടികജാതി/ പട്ടിക വർഗ സംവരണത്തിൽ സി.പി.എം പ്രതിനിധിയായ പി.ഡി.സന്തോഷ് കുമാർ രണ്ട് മാസം മുമ്പാണ് ചുമതലയേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |