SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

നന്ദഗോവിന്ദം ഭജൻസിനുള്ള തുക കാണിച്ചത് അശ്രദ്ധ, മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങിയിട്ടില്ല, റിപ്പോർട്ടിൽ പൊരുത്തക്കേടെന്ന് ദേവസ്വം ബോർഡ്

Increase Font Size Decrease Font Size Print Page
ayyappasangam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ സത്യവിരുദ്ധവും വേദനാജനകവുമാണെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്. നടക്കുന്നത് തികച്ചും അവാസ്തവമായ ചില പ്രചാരണങ്ങൾ മാത്രമാണെന്നും ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ പറയുന്നു.

നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡി​റ്റ് റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. ഇവന്റ് മാനേജ്‌മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്​റ്റേ​റ്റ്‌മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെ​റ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

അയ്യപ്പ സംഗമത്തിന്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മ​റ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് സംഗീതജ്ഞനായ ഇഷാൻ ദേവ്‌നെ സമീപിച്ചു.ചുരുങ്ങിയ സമയത്തിനുള്ളിൽ 25ലധികം കലാകാരന്മാരും 10ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി എട്ടുലക്ഷം രൂപയാണ് ചെലവായതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

ദേവസ്വം ഓഡി​റ്റ് റിപ്പോർട്ടിലോ, സ്‌പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ലെന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്. സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ കണക്കുകൾ അവെയിലബിൾ ബില്ലുകൾ അനുസരിച്ചുള്ളതാണെന്നും ബില്ലുകൾ എല്ലാം ലഭിക്കുമ്പോൾ യഥാർത്ഥ കണക്കുകൾ വ്യക്തമാകും എന്നും ബോർഡ് പറയുന്നുണ്ട്.

സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകൾ ഉണ്ടെന്നും ഓഡിറ്ററുമായി ചർച്ചനടത്തി ഇതുപരിഹരിച്ച് പുതിയ ഓഡിറ്റ് റിപ്പോർട്ട് നൽകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയത് മൂന്നുകോടി രൂപമാത്രമാണെന്നും ആ തുക തിരിച്ചുകിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS: DEVASWAM BOARD, AYYAPPA SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY