SignIn
Kerala Kaumudi Online
Friday, 20 February 2026 4.19 AM IST

ആഗോള അയ്യപ്പ സംഗമം: യഥാർത്ഥ ബില്ലുകളിൽ ഒളിച്ചുകളി; ഹാജരാക്കാൻ ബോർഡ് നിർദേശം 

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ യഥാർത്ഥ ബില്ലുകൾ നൽകാതെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഐ.ഐ.ഐ.സിയുടെ ഒളിച്ചുകളി. ഉപകരാറുകാർ നൽകിയ ബില്ലുകളാണ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം ബോർഡിന് നൽകാതിരിക്കുന്നത്. ബില്ലുകൾ ഇന്നു തന്നെ ഹാജരാക്കാൻ ദേവസ്വം ബോർഡ് നോട്ടീസ് നൽകി.

ചെലവിന്റെ കണക്കായി ബോർഡിന് നൽകിയത് ഒറ്റ ബില്ലാണ്. ഇത് അംഗീകരിക്കാനാകില്ലെന്ന് ബോർഡ് ഇന്നലെ അറിയിച്ചു. ഓരോ ഇനത്തിനും ചെലവായ തുകയ്ക്കുള്ള ബിൽ പ്രത്യേകമായി നൽകണം. ഉപകരാർ നേടിയവർ നൽകിയ യഥാർത്ഥ ബില്ലുകളാണ് ഹാജരാക്കേണ്ടത്. എന്നാൽ മാത്രമേ, ഉപകരാർ നൽകിയതിന്റെ നിയമസാധുതയും ചെലവായ കണക്കും വ്യക്തമാകുകയുള്ളൂ. ചെലവിന്റെ പരമാവധി പത്ത് ശതമാനം വരെ മാത്രമേ അധികം ഈടാക്കാൻ എം.ഒ.യു പ്രകാരം അവകാശമുള്ളൂ. അതിനാൽ ഉപകരാറുകാരുടെ ബില്ലുകൾ നിർണായകമാണ്. നാലു മേഖലകളായി തിരിച്ചാണ് ഉപകരാർ നൽകിയതെന്നാണ് ഐ.ഐ.ഐ.സിയുടെ വാദം. ഇതു ആർക്കൊക്കെയാണെന്ന് തിരിച്ചറിയണമെങ്കിലും ബില്ലുകൾ നിർബന്ധമാണ്.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റേതായി ഒറ്റ ബിൽ ഓഡിറ്റർക്ക് നൽകിയതാണ് ഓഡിറ്റിലെ വിവാദ പരാമർശങ്ങൾക്ക് കാരണം.
എല്ലാ ചെലവും പ്രത്യേകമായി ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം. പല ബില്ലുകളുടേയും ഫോട്ടോകോപ്പിയാണ് ഐ.ഐ.ഐ.സി നൽകിയത്. ഇതും അംഗീകരിക്കാനാകില്ലെന്ന് ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ബോർഡ് വ്യക്തമാക്കി. അക്കൗണ്ട്സ് ചട്ടങ്ങൾ അനുസരിച്ചുള്ള ബില്ലുകൾ മാത്രം അംഗീകരിച്ചാൽ മതിയെന്നാണ് ടാസ്‌ക് ഫോഴ്സിന് ബോർഡ് നൽകിയിരിക്കുന്ന കർശന നിർദേശം. ടാസ്‌ക്‌ഫോഴ്സ് തയ്യാറാക്കുന്ന കണക്ക് ബോർഡിന്റെ ഓഡിറ്റർക്ക് നൽകാതെ നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ഓഡിറ്റർക്ക് നൽകിയ രേഖകൾ പരിശോധിച്ചപ്പോൾ പലതിലും രസീതുകളില്ലെന്ന് കണ്ടെത്തി.

അയ്യപ്പ സംഗമത്തിൽ അപ്പം, അരവണ, ആടിയശിഷ്ടം നെയ്യ്, വിഭൂതി, മഞ്ഞൾ എന്നിവ വിതരണം ചെയ്തത് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നൽകിയ കണക്ക് അനുസരിച്ചാണെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ടാസ്‌ക് ഫോഴ്സിനെ അറിയിച്ചു. ഇങ്ങനെ വിതരണം ചെയ്യാൻ ഏതെങ്കിലും തരത്തിലുള്ള കരാർ ഉണ്ടായിരുന്നോയെന്നും രേഖകളുണ്ടോയെന്നും ടാസ്‌ക് ഫോഴ്സ് പരിശോധിക്കും. ഇതിനുശേഷമായിരിക്കും ഇതിന്റെ ബാധ്യത ആർക്കെന്ന് നിശ്ചയിക്കുക.

TAGS: DEVASWAM BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.