ന്യൂഡൽഹി: കരസേനയുടെ നിയമവിഭാഗത്തിലെ റിക്രൂട്ട്മെന്റ് നയത്തിൽ ലിംഗസമത്വമില്ലെന്ന് കണ്ടെത്തിയ സുപ്രീംകോടതി, ജഡ്‌ജ് അഡ്വക്കേറ്ര് ജനറൽ (ജെ.എ.ജി) തസ്‌തികയിലേക്കുള്ള റാങ്ക് പട്ടിക റദ്ദാക്കി. ജെ.എ.ജി തസ്‌തികയിലേക്കുള്ള 9 ഒഴിവുകളിൽ ആറെണ്ണം പുരുഷന്മാർക്ക് സംവരണം ചെയ്‌തപ്പോൾ മൂന്നെണ്ണം മാത്രമാണ് സ്ത്രീകൾക്ക് നീക്കിവച്ചത്. ഇത് ചോദ്യം ചെയ്‌ത് രണ്ട് വനിതാ ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
പുരുഷ സംവരണം ഏർപ്പെടുത്താൻ എക്‌സിക്യൂട്ടീവിന് അധികാരമില്ല. കരസേനയുടെ നടപടി ഏകപക്ഷീയമാണ്. മെറിറ്റ് മാത്രമായിരിക്കണം തിരഞ്ഞെടുപ്പിന് ആധാരമെന്ന് കേന്ദ്രചട്ടങ്ങളിൽ പറയുന്നു. വനിതകളെ കുറച്ചു സീറ്രുകളിൽ മാത്രമായി ചുരുക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വമെന്ന അവകാശത്തിന് എതിരാണ്.
പുരുഷനെന്നോ സ്ത്രീയെന്നോ വകഭേദം കാണിക്കാതെ, മെറിറ്റിന്റെ അടിസ്ഥാനത്തിൽ പൊതു റാങ്ക് പട്ടിക കേന്ദ്രസർക്കാരും കരസേനയും ചേർന്നു തയ്യാറാക്കണം. ഉദ്യോഗാർത്ഥികളുടെ മാർക്കുകൾ ഉൾപ്പെടെ വ്യക്തമാക്കിയാകണം പട്ടിക. ഇതിൽ വനിതാ ഉദ്യോഗാർത്ഥികളാണ് മുന്നിലെത്തുന്നതെങ്കിൽ അവരെ തന്നെയാകണം തിരഞ്ഞെടുക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |