
തൃശൂർ: സംസ്ഥാനത്ത് പത്ത് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 2,49,860 പേർക്ക്. 2025 ഒക്ടോബർ വരെയുള്ള കണക്കാണിത്. പേ വിഷബാധയേറ്റ് 17 പേർ മരിച്ചു. കടിയേറ്റവരിൽ പകുതി പേരും ചെറിയ കുട്ടികളടക്കമുള്ള സ്‌കൂൾ വിദ്യാർത്ഥികളും. അതേസമയം,കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കടിയേറ്റവരുടെ എണ്ണത്തിൽ കുറവുണ്ടായി. 3.16 ലക്ഷം പേർക്കാണ് കടിയേറ്റത്.
തെരുവുനായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും ഇവയെ നിയന്ത്രിക്കാനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ തിരിഞ്ഞെടുപ്പിലേക്ക് പോയതോടെയാണ് തുടർനടപടി അനിശ്ചിതത്വത്തിലായത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 2019-20ൽ സംസ്ഥാനത്ത് നടത്തിയ സെൻസസിൽ ഏഴ് ലക്ഷം തെരുവുനായ്ക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2025ൽ അത് ഒമ്പത് ലക്ഷത്തിലേക്കെത്തി.
എ.ബി.സി പദ്ധതി
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി വഴി 2024 നവംബർ ഒന്ന് മുതൽ 2025 സെപ്തംബർ 30 വരെ 52,995 തെരുവുനായ്ക്കളെയാണ് വന്ധ്യംകരണം നടത്തിയത്. കൂടുതൽ കൊല്ലം ജില്ലയിലാണ് 15,832. രണ്ടാമത് തിരുവനന്തപുരം 10,849. കുറവ് കാസർകോട് 329.
കടിയേറ്റവർ കൂടുന്നു, മരണവും
(കടിയേറ്റവർ,മരണം)
2020.......................................1.60ലക്ഷം...................5
2021.......................................2.21ലക്ഷം..................11
2022.......................................2.88ലക്ഷം.................27
2023.......................................3.06ലക്ഷം.................25
2024.......................................3.17ലക്ഷം.................26
2025 ഒക്ടോ. വരെ.........2.49 ലക്ഷം.................17
ഓരോ ജില്ലയിലും ഒരു ഷെൽട്ടറെങ്കിലും വന്നാൽ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജില്ലാ പഞ്ചായത്തുകൾ ഇതിന് നേതൃത്വം കൊടുക്കുമെന്നാണ് പ്രതീക്ഷ.
-ഡോ. പി.ബി. ഗിരിദാസ്
വെറ്ററിനറി വിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |