പറവൂർ: മൂന്നര വയസുകാരിയുടെ ചെവിയുടെ ഒരു ഭാഗം കടിച്ചെടുത്ത തെരുവുനായയ്‌ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നാട്ടുകാർ തല്ലിക്കൊന്ന നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ടുവീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകളായ നിഹാര, അറ്റുപോയ ചെവിയുടെ ഭാഗം തുന്നിച്ചേർക്കാൻ നടത്തിയ ശസ്ത്രക്രിയയ്‌ക്ക് ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലിന് വീടിന് സമീപം സമപ്രായക്കാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ഐസിൽ സൂക്ഷിച്ചിരുന്ന നായയുടെ ജഡം തിങ്കളാഴ്ച ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരിജ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് വെറ്ററിനറി സർവകലാശാലയിൽ എത്തിച്ചത്. ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത്. നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനാലും കടിയേറ്റത് തലയിലായതിനാലും കുട്ടിയെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. പേവിഷ പ്രതിരോധ വാക്സിൻ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |