പറവൂർ: മുതിർന്ന കുട്ടികൾ കളിക്കുന്നത് പിതാവിനൊപ്പം കണ്ടുകൊണ്ടിരുന്ന മൂന്നരവയസുകാരിയുടെ ചെവിയുടെ ഒരു ഭാഗം തെരുവുനായ കടിച്ചെടുത്തു. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ ചെവിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന് നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിന് പിന്നിലുള്ള പറമ്പിലാണ് സംഭവം.
പിന്നിലൂടെ വന്ന തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. പിതാവ് നായയെ ഓടിക്കാൻ ശ്രമിക്കവേ കുട്ടിയുടെ വലത്തേ ചെവിയുടെ ഭാഗം കടിയേറ്റ് അറ്റ് വീണു. ഉടൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൊച്ചി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അറ്റുപോയ ചെവി കവറിലാക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും തെരുവുനായ കടിച്ചതിനാൽ കൂട്ടിച്ചേർക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ പേവിഷ ബാധയ്‌ക്കുള്ള കുത്തിവയ്‌പ് കഴിയാതെ ചെവി തുന്നിച്ചേർക്കാൻ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |