തിരുവനന്തപുരം: സംസ്ഥാനത്തെ അൻപതാമത് ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലകിനെ നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കും. 1991ലാണ് ജയതിലക് സിവിൽ സർവ്വീസിലെത്തിയത്.നിലവിൽ ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ്. 2026 ജൂൺവരെ കാലാവധിയുണ്ട്.
സീനിയോറിറ്റിയിൽ മുമ്പിലുള്ള കേരള കേഡറിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങിവരാൻ വിസമ്മതിച്ചതോടെയാണ് സീനിയോറിറ്റിയിൽ രണ്ടാമനായ ജയതിലകിന് അവസരമൊരുങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ ജയതിലക്. ഐ.ഐ.എമ്മിൽ നിന്ന് പി.ജി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. മാനന്തവാടി സബ് കളക്ടറായാണ് ആദ്യ നിയമനം. കോഴിക്കോട്ടും കൊല്ലത്തും ജില്ല കളക്ടറായിരുന്നു.
സ്‌പൈസസ് ബോർഡ് ചെയർമാൻ, കൃഷിവകുപ്പ് സെക്രട്ടറി, ഡയറക്ടർ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ, ഛത്തീസ്ഗഢ് ടൂറിസം ബോർഡ് എം.ഡി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |