തിരുവനന്തപുരം: 1986ലാണ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസ മേഖലയിൽ നിന്ന് പ്രീഡിഗ്രി അടർത്തി മാറ്റാനുള്ള തീരുമാനം. കോളേജ് തലത്തിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്താനായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബും നിയോഗിച്ച സമിതിയുടെ കൺവീനർ ഡോ.എ.സുകുമാരൻ നായരുടെ നിർദേശത്തെ തുടർന്നായിരുന്നു തീരുമാനം .
പിന്നാലെ കടുത്ത സമരങ്ങൾക്കാണ് കേരളം സാക്ഷിയായത്. എന്നാൽ എതിർപ്പ് ഉന്നയിച്ചവർ തന്നെ പിന്നീട് അധികാരത്തിലെത്തിയപ്പോൾ പ്രീഡിഗ്രി ബോർഡ് പേര് മാറി ഹയർ സെക്കൻഡറി ബോർഡ് എന്ന പേരിൽ നിലവിൽ വന്നു
അപ്പോഴും ഡോ.എ.സുകുമാരൻ നായർ വിചാരണ നേരിടുകയായിരുന്നു. എൽ.ഡി.എഫ് സർക്കാർ ചുമതലത്തപ്പെടുത്തിയ നരേന്ദ്രൻ കമ്മിഷന്റെ നേതൃത്വത്തിലായിരുന്നു വിചാരണയും വിസ്താരവും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം കൊടുത്ത ഡോ.എ.സുകുമാരൻ നായർ ഓർമ്മയാകുമ്പോൾ ചരിത്രം പലതും ഓർമ്മിപ്പിക്കുന്നു.
എം.ജി. സർവ്വകലാശാല വി.സിയായിരുന്ന കാലത്ത് കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ പുതിയ മാതൃക അവതരിപ്പിച്ചപ്പോഴാണ് വീട്ടിലേക്ക് വിദ്യാർത്ഥി സംഘടനയുടെ കല്ലേറുണ്ടായത് . വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ കല്ലേറിൽ ചെറുമകൾ സുചേതാ ശങ്കറിന് പരിക്കു പറ്റി. ഇതെല്ലാം കാണിച്ച് ഇ.എം.എസിന് കത്തെഴുതിയെങ്കിലും പ്രതികരണമുണ്ടായില്ല. എന്നാൽ സ്വാശ്രയ വിദ്യാഭ്യാസം മാറ്റങ്ങളോടെ നടപ്പാക്കുന്നതിനും സുകുമാരൻ നായർ പിന്നീട് സാക്ഷിയായി.
അദ്ധ്യാപകൻ , ഗവേഷകൻ എന്നീ നിലകളിൽ ഏറെ സംഭാവന ചെയ്ത ഡോ.എ.സുകുമാരൻ നായർ 1980 -86 കാലയളവിൽ കരിക്കുലം പരിഷ്കരണം നടന്നപ്പോൾ നേരിട്ടുള്ള ഇടപെടലിലൂടെ തയ്യാറാക്കിയത് 130 പാഠപുസ്തകങ്ങൾ. പുസ്തകങ്ങളിലെ ചിത്രങ്ങൾ വരെ തന്റെ നിർദ്ദേശാനുസരമാണ് ഉൾപ്പെടുത്തിയത്. കന്നട , തമിഴ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയ അദ്ധ്യാപകരെ നേരിട്ട് വിളിച്ച് വായിച്ചു കേൾപ്പിച്ച ശേഷമായിരുന്നു അനുമതി നൽകിയത്. എഡ്യൂക്കേഷൻ സൈക്കോമെട്രിക്ക് എന്ന ശാഖയുടെ പരിചയപ്പെടുത്തലിലൂടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധയിലേക്കെത്തിയത്.
''ലോക പ്രശസ്ത സൈക്കോളജിസ്റ്റ് ജെറോം ബ്രൂണറായിരുന്നു അച്ഛന്റെയും എന്റെയും മാനസ ഗുരു'' , മകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.അച്യുത് ശങ്കർ പറയുന്നു. ഏത് സങ്കീർണ ശാസ്ത്രവും സാധാരണക്കാർക്ക് മനസിലാകും വിധം പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായും മകൻ ഓർക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |