തിരുവനന്തപുരം:സർവകലാശാലകളിലും കോളേജുകളിലും കോഴ്സുകളുടെ സിലബസിൽ ലഹരി വിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ, അതുണ്ടാക്കുന്ന ആരോഗ്യ-സാമൂഹ്യ പ്രശ്നങ്ങൾ, ലഹരി ഉപയോഗത്തിനും കൈമാറ്റത്തിനുമുള്ള ശിക്ഷ, പുനരധിവാസത്തിനും ലഹരിമുക്ത ചികിത്സയ്ക്കമുള്ള മാർഗ്ഗങ്ങൾ എന്നിവയെല്ലാം പഠിപ്പിക്കും. ആരോഗ്യ സർവകലാശാല തയ്യാറാക്കുന്ന പാഠഭാഗം, കോഴ്സിന്റെ തുടക്കത്തിൽ പഠിപ്പിക്കും. വൈസ്ചാൻസലർമാരുടെ സമിതി ഇതിനുള്ള പദ്ധതി തയ്യാറാക്കി ഗവർണർക്ക് സമർപ്പിച്ചു.
ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും ലഹരിയെ തടയാനും ലഹരിയുപയോഗിക്കുന്നവരുടെ പുനരധിവാസത്തിനുമുള്ള കർമ്മപദ്ധതിയാണ് വരുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഗവർണർ നിർവഹിക്കും. കായികപരിശീലനവും യോഗയും വ്യായാമങ്ങളും സിലബസിൽ
ഉണ്ടാവണമെന്നാണ് മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം. ലഹരി പിടി കൂടിയാൽ നടപടികൾ എങ്ങനെയായിരിക്കണമെന്ന പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.
ലഹരിക്കെതിരെ
ദൗത്യ സംഘം
ലഹരിക്ക് തടയിടാൻ പൊലീസ്, അദ്ധ്യാപകർ, ആരോഗ്യപ്രവർത്തകർ ഉൾപ്പെട്ട ദൗത്യസംഘം രൂപീകരിക്കും. ലഹരിവിരുദ്ധ പരിപാടികൾക്ക് കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിക്കാം. പ്രവേശന സമയത്ത് വിദ്യാർത്ഥിയും രക്ഷിതാക്കളും ലഹരിയുപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം.ഹോസ്റ്റൽ ഭരണത്തിൽ രക്ഷിതാക്കൾക്കും പങ്കാളിത്തമുണ്ടാക്കും. സീനിയർ വിദ്യാർത്ഥികളെ വഴികാട്ടികളാക്കി മെന്ററിംഗ് സംവിധാനമേർപ്പെടുത്തും. ലഹരിക്കെതിരേ കായിക,സിനിമാ താരങ്ങളെ
ബ്രാൻഡ് അംബാസഡർമാരാക്കും. ലഹരിയുപയോഗത്തിന്റെ വിവരങ്ങൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അദ്ധ്യാപകർക്കും അറിയിക്കാൻ പോർട്ടലുണ്ടാക്കും. ഇതിൽ വിവരം നൽകുന്നയാളുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും.
ലഹരിവിരുദ്ധ
കേന്ദ്രം
ക്യാമ്പസുകളിൽ കൗൺസലിംഗ്, ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ .
ലഹരിയുപയോഗിക്കുന്നതായി സൂചനകളുള്ളവരെ നിരീക്ഷിക്കും.
ക്യാന്റീൻ, സ്റ്റാളുകൾ എന്നിവിടങ്ങളിൽ തുടർച്ചയായ പരിശോധന
അദ്ധ്യാപകർ, വിദ്യാർത്ഥികളടങ്ങിയ പട്രോളിംഗ് സംഘങ്ങൾ
സ്മാർട്ട് ഐ.ഡി, അക്സസ് കൺട്രോൾ സംവിധാനം
ലഹരി കണ്ടെത്താൻ ഹോസ്റ്റൽ ജീവനക്കാർക്ക് പരിശീലനം.
ഹോസ്റ്റലുകളിൽ രക്ഷിതാക്കൾക്കടക്കം സന്ദർശനമുറി
''ലഹരിയുടെ ദൂഷ്യവശങ്ങളും ശിക്ഷയും കുട്ടികളെ പഠിപ്പിക്കണം, ഒളിപ്പിച്ചു വച്ചിട്ട് കാര്യമില്ല..''
-ഡോ.മോഹനൻ കുന്നുമ്മേൽ,
വി.സി, കേരള സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |