തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ഇന്ന് നാടാകെ നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ പാലപ്പുഴ അയ്യപ്പൻകാവിലെ 136 ഏക്കർ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷനായിരിക്കും. നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ.സീമ പദ്ധതി വിശദീകരിക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകൾക്ക് ഇന്നു തുടക്കമാവും. 574 ഏക്കറിലായി നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകൾക്ക് പുറമേയാണിത്. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വെള്ളായണി കാർഷിക കോളേജിൽ അപൂർവ സസ്യങ്ങളും ഔഷധ സസ്യങ്ങളും ഉൾപ്പെടുത്തി അഞ്ചുസെന്റ് വീതമുള്ള രണ്ട് പച്ചത്തുരുത്തുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
കൊല്ലത്ത് കൊട്ടാരക്കര നഗരസഭയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, ഇടുക്കിയിൽ ഇരട്ടയാർ പഞ്ചായത്ത് ശാന്തിഗ്രാം ഗവ. സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ, മലപ്പുറത്ത് പുറത്തൂർ പഞ്ചായത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, പത്തനംതിട്ട ഏഴംകുളം പഞ്ചായത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കാസർകോട് നഗരസഭയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കോട്ടയം നഗരസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വയനാട് മേപ്പാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പി. സിദ്ദീഖ് എം.എൽ.എ, തൃശൂർ കാറളം പഞ്ചായത്ത് മൃഗാശുപത്രി വളപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, പാലക്കാട് അനങ്ങനടി 8ാം വാർഡിൽ പത്താംകുളത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ആലപ്പുഴ ദേവികുളങ്ങരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, എറണാകുളം ചിറ്റാറ്റുകര പഞ്ചായത്തിൽ ഐ.ആർ.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. പി.കെ. രവീന്ദ്രൻ എന്നിവർ വൃക്ഷത്തൈകൾ നടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |