
8,000 കിലോമീറ്റർ നീളമുള്ള തീരപ്രദേശവും അനേകം ഉൾനാടൻ ജലാശയങ്ങളും ഉള്ള ഇന്ത്യയിൽ ഫിഷറീസ് സയൻസ് വൻ തോതിൽ തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ശാഖയായി മാറിയിട്ടുണ്ട്. മത്സ്യ മേഖലയിൽ ജോലി ചെയ്യുന്ന 90 ലക്ഷം ആളുകളിൽ 0.01 ശതമാനത്തിൽ താഴെ മാത്രമാണ് പ്രൊഫഷണൽ യോഗ്യതയുള്ളവർ.അതിനാൽ നൈപുണ്യ വികസനം,പരിശീലനം എന്നിവയ്ക്ക് ഈ മേഖലയിൽ വലിയ സാധ്യതയുണ്ട്.കേരളത്തിൽ കുഫോസിനു കീഴിലുള്ള 9 ഫിഷറീസ് കോളേജുകളിൽ പഠിക്കാനവസരമുണ്ട്.നീറ്റ് -UG സ്‌കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറാണ് കേരളത്തിൽ അഡ്മിഷൻ നൽകുന്നത്. www.kufos.ac.in, www.cee.kerala.gov.in.
ഫിഷറീസ് സയൻസ്/ മത്സ്യശാസ്ത്രത്തിൽ ബിരുദം (BFSc)
മത്സ്യശാസ്ത്രം മനുഷ്യരുമായി ബന്ധമുള്ള ജലജീവ വ്യവസ്ഥകളെ കുറിച്ചുള്ള പഠനമാണ്. മത്സ്യബന്ധനം, ജലജീവശാസ്ത്രം,പരിസ്ഥിതി,സാമ്പത്തികം,മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങൾ മത്സ്യശാസ്ത്രത്തിന്റെ ഭാഗമാണ്.ലൈഫ് സയൻസിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സ് തിരഞ്ഞെടുക്കാം.
ഇന്ത്യയിൽ സർട്ടിഫിക്കറ്റ്,ഡിപ്ലോമ,ബിരുദം,ബിരുദാനന്തര ബിരുദം,ഡോക്ടറേറ്റ് തുടങ്ങിയ വിവിധ കോഴ്‌സുകൾ ലഭ്യമാണ്. ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (BFSc) എന്ന നാലുവർഷ ബിരുദ കോഴ്‌സ് മത്സ്യശാസ്ത്ര കോളേജുകളിലും സർവകലാശാലകളിലും ലഭ്യമാണ്.ബി.എസ്‌സി കോഴ്‌സിനൊപ്പം ഐച്ഛിക വിഷയമായും BBA കോഴ്‌സായും മത്സ്യശാസ്ത്രം പഠിക്കാം.ബയോളജി ഗ്രൂപ്പിൽ പ്ലസ് ടു പഠിച്ച വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സ് തിരഞ്ഞെടുക്കാം. അഖിലേന്ത്യ സീറ്റുകളുടെ 15 ശതമാനം CUET-UG വഴിയാണ്.
CIFNET വഴി BFSc
കൊച്ചിയിലെ CIFNET (Central Institute of Fisheries, Nautical and Engineering Training) നാലുവർഷ BFSc (നോട്ടിക്കൽ സയൻസ്) കോഴ്‌സ് നടത്തുന്നു.മത്സ്യബന്ധന രീതികൾ,നോട്ടിക്കൽ സയൻസ്,മത്സ്യബന്ധന കപ്പലുകളുടെ പ്രവർത്തനം എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ടതാണ് കോഴ്‌സ്.പ്രത്യേക എൻട്രൻസ് പരീക്ഷയിലൂടെയാണ് പ്രവേശനം.
ബിരുദാനന്തര പഠനം (MFSc):- അക്വാകൾച്ചർ,മത്സ്യവിഭവ മാനേജ്‌മെന്റ്,പരിസ്ഥിതി മാനേജ്‌മെന്റ്,മത്സ്യ എൻജിനിയറിംഗ്,മത്സ്യസംസ്‌കരണ സാങ്കേതികവിദ്യ,മത്സ്യസാമ്പത്തികം,ഡിസാസ്റ്റർ മാനേജ്‌മെന്റ്, ബയോടെക്‌നോളജി,ബയോ ഇൻഫർമാറ്റിക്‌സ്,മറൈൻ മൈക്രോബയോളജി,മറൈൻ ഡ്രഗ്‌സ്,ക്ലൈമറ്റ് സയൻസ്,അക്ക്വേറിയം സയൻസ്,ഇൻഡസ്ട്രിയൽ അക്വാകൾച്ചർ,മറൈൻ ലോ (LLM) തുടങ്ങിയ വിഷയങ്ങളിൽ മാസ്റ്റർ ഡിഗ്രി എടുക്കാം.
സർട്ടിഫിക്കറ്റ് & ഡിപ്ലോമ കോഴ്‌സുകൾ:- മെട്രിക്കുലേഷൻ കഴിഞ്ഞവർക്ക് മത്സ്യകൃഷി, സംരംഭകത്വം, മത്സ്യസംസ്‌കരണം, ഗുണനിലവാര നിയന്ത്രണം, അലങ്കാര മത്സ്യകൃഷി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ലഭ്യമാണ്. ഇവയുടെ കാലാവധി 3 മാസം മുതൽ 1 വർഷം വരെ ആയിരിക്കും.
പ്ലസ് ടു കഴിഞ്ഞവർക്ക് ഡിപ്ലോമ ഇൻ ഫിഷ് പ്രൊഡക്ട് ടെക്‌നോളജി, ഫിഷറീസ് ടെക്‌നോളജി, ഇൻഡസ്ട്രിയൽ അക്വാകൾച്ചർ എന്നിവയും നൈപുണ്യ വികസനത്തിന്റെ ഭാഗമായി B.Voc, ഫിഷറീസ് എൻജിനിയറിംഗിൽ B.Tech കോഴ്‌സും ലഭ്യമാണ്.
തൊഴിൽ അവസരങ്ങൾ
ബിരുദാനന്തര ബിരുദവും NET യോഗ്യതയും ഉള്ളവർക്ക് കോളേജുകളിൽ അധ്യാപക സ്ഥാനങ്ങൾ ലഭ്യമാണ്.MPEDA,FSI, NIO, WHO, FAO, NACA, NABARD, EIA, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങളുണ്ട്. സ്വകാര്യ മേഖലയിൽ സീഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ, കയറ്റുമതി സ്ഥാപനങ്ങൾ, അക്വാ ഫീഡ് ഫാക്ടറികൾ, മത്സ്യബന്ധന ഉപകരണ നിർമ്മാണ സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവയിൽ ജോലി ലഭിക്കും.
സംസ്ഥാന ഫിഷറീസ് വകുപ്പുകളിലും, ബാങ്കുകളിൽ അഗ്രികൾച്ചർ ഓഫീസറായും ജോലി ചെയ്യാം. വിദേശ രാജ്യങ്ങളിൽ (അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ) ഉയർന്ന പഠനത്തിനും ഗവേഷണത്തിനും അവസരങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണവും പുതിയ സാധ്യതകളാണ്. മത്സ്യം രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ മൃഗപ്രോട്ടീൻ സ്രോതസുകളിലൊന്നായി മാറുന്ന സാഹചര്യത്തിൽ സംരംഭകത്വത്തിനും വലിയ അവസരങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |