
തൃശൂർ: ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ കണക്കിൽ രാജ്യത്ത് കേരളം ഏഴാമത്. ഏഴ് ശതമാനാണ് വിദ്യാർത്ഥികളുടെ ഒഴുക്ക്. ആദ്യ സ്ഥാനത്ത് ആന്ധ്രാപ്രദേശ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ തെലങ്കാന, പഞ്ചാബ്. തുടർസ്ഥാനങ്ങളിൽ
മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങൾ. 2025ലെ നീതി ആയോഗിന്റെ റിപ്പോർട്ടിലാണിത്. 2022 മുതൽ എട്ടാമതായിരുന്നു കേരളം.
പഠനത്തിനായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നവരിൽ തിരിച്ചെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒട്ടുമിക്കവരും പഠനശേഷം ജോലിയും കുടുംബവുമായി അവിടെ തുടരും. കാനഡ, അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, ജർമ്മനി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഒഴുക്ക് കൂടുതൽ. ഉപരിപഠനത്തിനെത്തുന്നവർക്ക് സ്റ്റേ ബാക്കും ജോലിയും പിന്നീട് പൗരത്വം ലഭിക്കാനുമുള്ള സാഹചര്യവും അനുകൂലമാണെന്നതാണ് അവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിന് പിന്നിൽ.
പ്ലസ്ടു കഴിഞ്ഞാൽ ഉപരിപഠനത്തിന് വിദേശത്തേക്കെന്ന ട്രെൻഡായതോടെ കേരളത്തിൽ നിന്ന് പോകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ്. നഴ്‌സിംഗ്, എൻജിനിയറിംഗ്, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് വിദ്യാർത്ഥികൾ കൂടുതലും ഉപരിപഠനത്തിന് വിദേശരാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികൾ കേരളം വിടുന്നതോടെ വർഷങ്ങൾ കഴിഞ്ഞാൽ ഇവിടെ സംസ്ഥാന സ്‌കൂൾ യുവജനോത്സവം തന്നെ ഉണ്ടാകുമോയെന്ന സംശയം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കലോത്സവ സമാപന സമ്മേളനത്തിൽ പങ്കുവച്ചിരുന്നു.
രാജ്യത്തെ കണക്ക്
(ലക്ഷത്തിൽ)
2019....................... 10.9
2022....................... 13.24
2025........................ 20
സംസ്ഥാനങ്ങളിൽ
(ശതമാനത്തിൽ)
ആന്ധ്രാപ്രദേശ്...........12.5
തെലങ്കാന....................12.4
പഞ്ചാബ്.......................12.3
മഹാരാഷ്ട്ര..................12
ഗുജറാത്ത്....................8.5
ഡൽഹി.........................8
കേരളം..........................7
''പരീക്ഷയ്ക്ക് മാർക്ക് വാങ്ങാനായി കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ രീതി മാറ്റാത്തിടത്തോളം വിദ്യാർത്ഥികൾ പുറത്തേക്ക് പോകുമെന്നതിൽ സംശയമില്ല
-പി.എസ്.കെ.സുരേഷ്,
എൻട്രൻസ് എക്‌സ്‌പെർട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |