
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്ക സമുദായങ്ങൾക്ക് വിജയസാദ്ധ്യതാ സീറ്റുകളിൽ വേണ്ടത്ര പ്രാതിനിദ്ധ്യം നൽകണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിട്ടും യു.ഡി.എഫിലെ പിന്നാക്ക പ്രാതിനിദ്ധ്യം 21 സീറ്റിലൊതുങ്ങി. ഈഴവ-തീയ സമുദായത്തിന് 17 സീറ്റാണ് നൽകിയത്. 2021ൽ 14 സീറ്റായിരുന്നു.
അതേസമയം, എൽ.ഡി.എഫ് പിന്നാക്കക്കാരായ 36 പേർക്ക് സീറ്റ് നൽകി. ഇതിൽ ഈഴവ സമുദായത്തിന് നൽകിയത് 30 സീറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 26 സീറ്റായിരുന്നു.
ജനസംഖ്യാനുപാതികമായി ഈഴവർക്ക് 30 സീറ്റെങ്കിലും നൽകിയാലേ കോൺഗ്രസിന് നഷ്ടപ്പെട്ട സമുദായ പിന്തുണ വീണ്ടെടുക്കാനും തുടർച്ചയായി രണ്ടുതവണ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനും കഴിയൂവെന്ന് എ.ഐ.സി.സിയുടെ എല്ലാ സർവേ റിപ്പോർട്ടുകളിലും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാക്കക്കാർക്ക് വിജയസാദ്ധ്യതയുള്ള അർഹമായ
സീറ്റുകൾ നൽകണമെന്ന് ശിവഗിരി മഠം സന്ദർശിച്ച ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോട് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയത്.
എന്നാൽ, അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ പിന്നാക്കക്കാരെ വെട്ടിനിരത്തൽ ആവർത്തിച്ചു. 2021ലേതിനെക്കാൾ മൂന്നു സീറ്റ് മാത്രമാണ് ഈഴവ സമുദായത്തിന് നീക്കിവച്ചത്. നാടാർ സമുദായത്തിന് രണ്ടു സീറ്റും ധീവര, ലത്തീൻ സമുദായങ്ങൾക്ക് ഒരു സീറ്റ് വീതവും. വിശ്വകർമ്മജർ ഉൾപ്പെടെയുള്ള മറ്റ് പിന്നാക്ക സമുദായങ്ങളെ പാടെ തഴഞ്ഞു.
പിന്നാക്കക്കാർക്കുള്ള
എൽ.ഡി.എഫ് സീറ്റുകൾ
ഈഴവ-തീയ: വർക്കല,കഴക്കൂട്ടം,വട്ടിയൂർക്കാവ്,കൊല്ലം,ചാത്തന്നൂർ, ചടയമംഗലം,കോന്നി, പീരുമേട്, കായംകുളം,ഹരിപ്പാട്,തൃപ്പൂണിത്തുറ,തൃക്കാക്കര,ഏറ്റുമാനൂർ. പുതുക്കാട്,കൊടുങ്ങല്ലൂർ, കയ്പമംഗലം, കൊയിലാണ്ടി, പേരാമ്പ്ര, വടകര,എലത്തൂർ മലമ്പുഴ,ചിറ്റൂർ,നെന്മാറ,ആലത്തൂർ,ഒറ്റപ്പാലം,ധർമ്മടം,പയ്യന്നൂർ, തലശേരി,പേരാവൂർ, മഞ്ചേശ്വരം. നാടാർ: അരുവിക്കര,നെയ്യാറ്റിൻകര,കോവളം. ധീവര: ആലപ്പുഴ. യാദവ:കല്യാശേരി, ശാലിയ: കണ്ണൂർ.
പിന്നാക്കക്കാർക്കുള്ള
യു.ഡി.എഫ് സീറ്റുകൾ
ഈഴവ:കഴക്കൂട്ടം,നെടുമങ്ങാട്,കൊല്ലം, ചാത്തന്നൂർ,കോന്നി, ഉടുമ്പൻചോല,കായംകുളം, ഏറ്റുമാനൂർ,തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, പുതുക്കാട്, നെന്മാറ,ചിറ്റൂർ, മലമ്പുഴ, കോഴിക്കോട്നോർത്ത്,കല്യാശേരി,തലശേരി. നാടാർ:കാട്ടാക്കട,നെയ്യാറ്റിൻകര. ധീവര: മണലൂർ. ലത്തീൻ: കോവളം.
പിന്നാക്കക്കാരെ
തഴഞ്ഞതോടെ തിരിച്ചടി
പിന്നാക്ക സമുദായങ്ങളെ തഴഞ്ഞു തുടങ്ങിയതോടെയാണ് യു.ഡി.എഫിന്റെ നിയമസഭയിലെ പ്രാതിനിദ്ധ്യം ശുഷ്കമായത്. സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 2016ൽ 21ലും 2021ൽ 22ലും ഒതുങ്ങി. ഈഴവ സമുദായ പ്രാതിനിദ്ധ്യം രണ്ടുതവണയും ഒന്നിലൊതുങ്ങി. യഥാക്രമം 13ഉം,14ഉം സീറ്റാണ് സമുദായത്തിന് കോൺഗ്രസ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |