തൊടുപുഴ: ഇലക്ട്രിക് വാഹനങ്ങളുടെയും എ.സിയുടെയും ഉപയോഗം വർദ്ധിച്ചെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയില്ല. വേനൽമഴ പ്രതീക്ഷിച്ചതിലും ഇരട്ടി ലഭിച്ചതാണ് ഗുണമായത്. പകൽ കനത്ത ചൂടാണെങ്കിലും ഉച്ചകഴിഞ്ഞ് മിക്ക ദിവസങ്ങളിലും മഴ പെയ്തതിനാൽ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കാര്യമായി വർദ്ധിച്ചില്ല.
95.1538 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ വൈദ്യുതി ഉപഭോഗം. ഇതിൽ 73.513 ദശലക്ഷം യൂണിറ്റും പുറത്തു നിന്ന് വാങ്ങിയതാണ്. 21.6408 ദശലക്ഷം യൂണിറ്റാണ് ആഭ്യന്തര ഉത്പാദനം. 8.74 ദശലക്ഷം യൂണിറ്റ് ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നും 3.1125 ദശലക്ഷം യൂണിറ്റ് ശബരിഗിരി പദ്ധതിയിൽ നിന്നുമാണ്. വേനൽക്കാലത്ത് പ്രതിദിനം 10 ദശലക്ഷം യൂണിറ്റിന് മുകളിൽ ഉത്പാദിപ്പിച്ചിരുന്ന ഇടുക്കിയിൽ ഇപ്പോഴത് ആറ് ദശലക്ഷം യൂണിറ്റിൽ താഴെയാണ്. ആറ് ജനറേറ്ററും നിലവിൽ പ്രവർത്തനക്ഷമമാണ്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ മുൻ വർഷത്തേക്കാൾ മൂന്ന് ശതമാനം ജലനിരപ്പ് കൂടുതലുമുണ്ട്.
കഴിഞ്ഞ വർഷം മേയ് മൂന്നിനാണ് സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കാഡ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്- 115.948 ദശക്ഷം യൂണിറ്റ്. ഈ വേനൽക്കാലത്തെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗം 98.565 ദശലക്ഷം യൂണിറ്റാണ്.
പെയ്തത് ഇരട്ടി മഴ
കേരളത്തിൽ ഇത്തവണ സാധാരണയേക്കൾ ഇരട്ടി വേനൽ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 124 മില്ലിമീറ്ററാണ് പെയ്തത്. 63.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്- 216.1 മില്ലിമീറ്റർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴ കിട്ടിയത് കണ്ണൂർ ജില്ലയിലാണ്. 26.2 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 95 കിട്ടി. കുറവ് കാസർകോടാണ് - 35.6 മില്ലി മീറ്റർ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായെങ്കിലും മഴ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |