
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം പാലിച്ചുള്ള സി.പി.എമ്മിന്റെ ഗൃഹ സമ്പർക്ക പരിപാടി വിജയമെന്ന് വിലയിരുത്തി സംസ്ഥാന നേതൃത്വം. വീടുകളിലെത്തുന്നവർക്കുള്ള എങ്ങനെ പെരുമാറണമെന്ന് നിർദ്ദേശിക്കുന്ന പത്തു പേജുള്ള സർക്കുലർ സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയിരുന്നു.വീട്ടുകാരോട് തർക്കിക്കാതെ ക്ഷമയോടെ കേൾക്കുകയാണ് വേണ്ടതെന്നും സർക്കുലറിൽ പറയുന്നു.
കഴിഞ്ഞ 15 മുതലാണ് ചെറു സ്‌ക്വാഡുകളായി സി.പി.എം നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം ആരംഭിച്ചത്. വോട്ടർമാരെ പരമാവധി കേൾക്കുകയും തർക്കിക്കാതിരിക്കുകയും ചെയ്യണമെന്നതാണ് പ നിർദ്ദേശം. വീട്ടിനുള്ളിൽ ഇരുന്ന് സംസാരിക്കണം. ആരോഗ്യ, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക, ക്ഷേമ പദ്ധതികളിൽ കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കണം. അഭിപ്രായ വ്യത്യാസം വന്നാൽ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് പറഞ്ഞ് തർക്കം ഒഴിവാക്കണം.
. കോൺഗ്രസും ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണ് തുടക്കത്തിൽ അവതരിപ്പിക്കേണ്ടത്. സി.പി.എം മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും സംഘപരിവാറുമായി സന്ധി ചെയ്തിട്ടില്ലെന്നും വിശദമാക്കണം. ന്യൂനപക്ഷ സംരക്ഷണമാണ് സി.പി.എം ലക്ഷ്യം. വന്യജീവി ആക്രമണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, സ്വകാര്യ സ്‌കൂളുകളിലെ നിയമന അംഗീകാരം, നെല്ല് സംഭരണം, സർക്കാരിൻെ്‌റ കട, എന്നിവ സംബന്ധിച്ച് സർക്കാർ നിലപാട് വിശദമാക്കണം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ സ്വാഗതം ചെയ്തതാണ്. തെറ്റ് ചെയ്ത ഒരാളും രക്ഷപ്പെടരുതെന്ന നിലപാടാണ് സർക്കാരിനെന്നും പറയണം. പത്മകുമാറിനെതിരെ നടപടി എടുത്തില്ലല്ലോയെന്ന ചോദ്യമുയരും.. ഈ പ്രശ്‌നം ചർച്ച ചെയ്യുമ്പോൾ പത്മകുമാറിൻെ്‌റ തെറ്റിൻെ്‌റ സ്വഭാവം വ്യക്തമായിരുന്നില്ല. കുറ്റപത്രത്തിൽ അത് വ്യക്തമാകുന്ന ഘട്ടത്തിൽ ഉചിതമായ തീരുമാനം പാർട്ടി സ്വീകരിക്കുമെന്നാണ് മറുപടി നൽകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |