തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂൺ ഒന്നു മുതൽ 9വരെ നടത്തും. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ മുംബയ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തുന്നതിനാൽ വിവിധ ഘട്ടങ്ങളായാണ് പരീക്ഷ. ഒന്നരലക്ഷത്തോളം കുട്ടികളാണ് എൻജിനിയറിംഗ്, ഫാർമസി എൻട്രൻസിന് അപേക്ഷിക്കാറുള്ളത്. വിശദമായ വിജ്ഞാപനം പിന്നാലെ പ്രസിദ്ധീകരിക്കും.
ബിരുദ പ്രവേശനത്തിനുള്ള ദേശീയതലത്തിലെ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി അടക്കം വിവിധ പരീക്ഷകളുള്ളതിനാലാണ് പരീക്ഷാതീയതി നീണ്ടത്. മേയ് 15മുതൽ 31വരെയാണ് യു.ജി.സിയുടെ ദേശീയതല ബിരുദ പ്രവേശന പരീക്ഷ. മേയ് അഞ്ചിന് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു.ജി പരീക്ഷയുണ്ട്. മേയ് പത്ത് മുതൽ 12വരെ കുസാറ്റ് പ്രവേശന പരീക്ഷയുമുണ്ട്. അതിനാൽ ഈ സമയത്ത് എൻട്രൻസ് നടത്താനാവില്ല.
സ്വാശ്രയ സ്കൂളുകളിലും എൻജിനിയറിംഗ് കോളേജുകളിലുമടക്കം ഇരുനൂറോളം കേന്ദ്രങ്ങളിലാവും പരീക്ഷ. സി ഡിറ്റിന്റെ സോഫ്‌റ്റ്‌വെയറുപയോഗിച്ചാണ് ഓൺലൈനായി പ്രവേശന പരീക്ഷ നടത്തുക. ഓൺലൈൻ പരീക്ഷയായതിനാൽ അതിവേഗത്തിൽ ഫലം പ്രഖ്യാപിച്ച് പ്രവേശനം തുടങ്ങാം. ഹെൽപ്പ് ലൈൻ-04712525300
പരീക്ഷ ഇങ്ങനെ മാറും
നിലവിൽ 2പരീക്ഷകളാണുള്ളതെങ്കിൽ ഇനി 150 ചോദ്യങ്ങളുള്ള 3മണിക്കൂർ ഒറ്റ പരീക്ഷയാവും. 75ചോദ്യങ്ങൾ മാത്തമാറ്റിക്സ്, 45 എണ്ണം ഫിസിക്സ്, 30എണ്ണം കെമിസ്ട്രി എന്നിങ്ങനെ. ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ സ്കോറായിരിക്കും ബിഫാം പ്രവേശനത്തിന് പരിഗണിക്കുക.
എൻജിനിയറിംഗിന് അപേക്ഷിക്കാതെ ഫാർമസിക്ക് മാത്രം അപേക്ഷിക്കുന്നവർക്ക് 75ചോദ്യങ്ങളുള്ള ഒന്നര മണിക്കൂർ പരീക്ഷ നടത്തും. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുടെ മാർക്കിനും പ്രവേശന പരീക്ഷയിലെ സ്കോറിനും തുല്യപരിഗണന നൽകി റാങ്ക് പട്ടിക തയ്യാറാക്കും.
ചോദ്യം ആവർത്തിക്കില്ല
1)എൻജിനിയറിംഗ് കോളേജുകളാവും പരീക്ഷാകേന്ദ്രങ്ങൾ. കോളേജുകളിൽ ലോക്കർ സെർവറും അടിയന്തര സാഹചര്യത്തിലുപയോഗിക്കാനുള്ള രണ്ടാം സെർവറും സജ്ജമാക്കും.
2)എൻട്രൻസ് കമ്മിഷണറുടെ രണ്ട് ലാപ്ടോപ്പുകളിലെ ചോദ്യപേപ്പർ പാസ്‌വേഡുപയോഗിച്ച് പ്രത്യേക സോഫ്‌റ്റ്‌വെയറിലേക്കും വിദ്യാർത്ഥിയുടെ കമ്പ്യൂട്ടറിലും ചോദ്യം ലഭ്യമാക്കും.
3)ലോഗിൻ ചെയ്താൽ ചോദ്യങ്ങൾ കാണാം. ശരിയുത്തരത്തിൽ ക്ലിക്ക് ചെയ്യാം. പരീക്ഷ കഴിയുമ്പോൾ സേവ് ചെയ്യുന്നതോടെ ഉത്തരങ്ങൾ സെർവറിൽ രേഖപ്പെടുത്തും.
4)ബാച്ചുകളുടെ ചോദ്യം ആവർത്തിക്കില്ല. ചോദ്യം തിരഞ്ഞെടുക്കുന്നത് സോഫ്‌റ്റ്‌വെയറാണ്. ചോദ്യംചോർന്നാൽ ഓട്ടോമാറ്റിക്കായി വേറെ സെറ്റ് ലോഡാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |