തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിലെ റാങ്ക്പട്ടിക തയ്യാറാക്കാൻ നടത്തിവരുന്ന മാർക്ക് സമീകരണത്തിൽ (സ്റ്റാൻഡഡൈസേഷൻ) മാറ്റങ്ങൾ വരുത്തുന്നതിൽ അന്തിമ തീരുമാനമായില്ല. ഇതിനാൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരണം വൈകും. ഒരുലക്ഷത്തോളം കുട്ടികളാണ് എൻട്രൻസ് ഫലംകാത്തിരിക്കുന്നത്.
കേരള സിലബസിലെ മിടുക്കർ എൻട്രൻസ് സ്കോറിൽ പിന്നിൽപോയ പശ്ചാത്തലത്തിൽ, അവർക്ക് അവസരം ഒരുക്കാൻ കൊണ്ടുവന്ന മാർക്ക് സമീകരണ ഫോർമുലയും ഗുണംചെയ്തില്ലെന്ന് പരാതി ഉയർന്നിരുന്നു. വിദഗ്ദ്ധ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നത് സമീകരണ രീതിയിൽ അപാകത ഇല്ലെന്നാണ്. അതേസമയം, നടപ്പാക്കാനായി ചില ഫോർമുലകൾ നിർദ്ദേശിക്കുകയും ചെയ്തു. അടുത്തയാഴ്ച സമിതി വീണ്ടും യോഗംചേരും.
പ്ളസ് ടു പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഒരു വിദ്യാർത്ഥി നേടിയ മാർക്കല്ല ആ കുട്ടിയുടെ എൻജിനീയറിംഗ് സ്കോറിനോട് ചേർക്കുന്നത്. ഈ വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ മാത്രം ശരാശരിയും കേരളം അടക്കം
രാജ്യത്തെ മറ്റു സംസ്ഥാന ബോർഡുകളും സി.ബി.എസ്.ഇയും കേംബ്രിഡ്ജ് അടക്കമുള്ള വിദേശസ്ഥാപനങ്ങളും ഉൾപ്പെടെ പതിനെട്ട് ബോർഡുകൾ നൽകിയ ശരാശരി മാർക്കും പരിഗണിക്കും.
ഇതോടെ ഉദാരമായി മാർക്കു ലഭിച്ച കേരള സിലബസിലെ കുട്ടികൾ ദേശീയ ശരാശരിയിലേക്ക് താഴും. മിതമായി മാർക്ക് ലഭിച്ചവർ ദേശീയ ശരാശരിയിലേക്ക് ഉയരുകയും ചെയ്യും.
സംസ്ഥാന ശരാശരിയും ദേശീയ ശരാശരിയും തമ്മിലുള്ള വ്യത്യാസവും പരിഗണിക്കും.
സമീകരണ ഫോർമുല കാരണം കേരളസിലബസിൽ പഠിച്ചവരുടെ 27മാർക്ക് വരെ കുറഞ്ഞെന്നും സി.ബി.എസ്.ഇക്കാർക്ക് എട്ടുമാർക്ക് കൂടുതൽ കിട്ടിയെന്നും കഴിഞ്ഞതവണ ആക്ഷേപമുയർന്നു. 2021മുതൽ കേരള സിലബസുകാർക്ക് മാർക്ക് കുറയുന്നെന്ന പരാതിയുണ്ട്. ആ വർഷം 43മാർക്ക് വരെ കുറഞ്ഞതായി രക്ഷിതാക്കൾ പറയുന്നു. സമീകരണരീതി ശാസ്ത്രീയമാണെന്നാണ് എൻട്രൻസ് കമ്മിഷണറേറ്റ് പറയുന്നത്.
സമീകരണം ഗുണമോ, ദോഷമോ?
# 2011ലാണ് ‘സ്റ്റാൻഡഡൈസേഷൻ’ തുടങ്ങിയത്.
പ്രവേശനപരീക്ഷയിലെ സ്കോർ മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്തിയപ്പോൾ ആദ്യ 5000 റാങ്കിൽ 80% വിദ്യാർത്ഥികളും സി.ബി.എസ്.ഇ, ഐ.എസ്.സി സിലബസുകാരായിരുന്നു. എൻട്രൻസ് പരിശീലനംകിട്ടാത്തവരെയും നിർദ്ധനരെയും സംരക്ഷിക്കാനാണ് സമീകരണം കൊണ്ടുവന്നത്.
# സമീകരണത്തിന്റെ തുടക്കകാലത്ത് കേരള സിലബസുകാർക്ക് നേട്ടമായിരുന്നു. അന്ന് ഹയർസെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ ശരാശരി മാർക്ക് മറ്റുബോർഡുകളെ അപേക്ഷിച്ച് കുറവായിരുന്നു. ഫോർമുല മാനദണ്ഡത്തിൽ അത് ഗുണകരമാണ്.
# 2020മുതൽ മറ്റ് ബോർഡുകളെ അപേക്ഷിച്ച് കേരള സിലബസിൽ സയൻസ് വിഷയങ്ങളിൽ ശരാശരി മാർക്ക് ഉയർന്നതോടെ റാങ്കിൽ പിറകിലായെന്ന് രക്ഷിതാക്കളുടെ പരാതി.
ഉത്തരംവേണ്ട
4 ചോദ്യങ്ങൾ
2011ലുണ്ടാക്കിയ ഫോർമുലയിൽ പിശകുണ്ടോ?
കേരള സിലബസുകാർക്ക് മാർക്ക് കുറയുന്നുണ്ടോ?
കേന്ദ്രസിലബസുകാർക്ക് അധികനേട്ടമുണ്ടോ?
പ്ലസ്ടുമാർക്ക് പരിഗണിക്കാതെ റാങ്ക് നൽകാമോ?
ആദ്യ 5000റാങ്കിൽ
കേരളസിലബസ്------2034
സി.ബി.എസ്.ഇ--------2785
ഐ.എസ്.സി------------162
മറ്റ്സിലബസ്------------19
(കഴിഞ്ഞ പരീക്ഷയിൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |