
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാകും. ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ സമ്പത്തിന് നൽകിയ പദവിയാണിത്. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി വേണു രാജാമണി തുടരും.
പദവി ആഗ്രഹിക്കുന്നയാളല്ല താനെന്ന് കെ വി തോമസ് പ്രതികരിച്ചു. തന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി ചെയ്യും. രാഷ്ട്രീയത്തിനതീതമായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെ വി തോമസിനെ പരിഹസിച്ചുകൊണ്ട് കെ മുരളീധരൻ രംഗത്തെത്തി. ഡൽഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് നല്ലതാണെന്നും ഇത്തരം നക്കാപ്പിച്ച കണ്ട് കോൺഗ്രസിൽ നിന്ന് ആരും ഇനി പോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
മുൻ കേന്ദ്രമന്ത്രിയായ കെ വി തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസ് നേരത്തെ പുറത്താക്കിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |