
തളിപ്പറമ്പ്: പയ്യന്നൂരിൽ പൊലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ടുപേർ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് കണ്ടെത്തി. ഇവരുടെ ശിക്ഷ ഇന്ന് വിധിക്കും.
പയ്യന്നൂർ നഗരസഭ 46ാം വാർഡ് മൊട്ടമ്മലിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിലെ കൗൺസിലറും ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ കാറമേലിലെ വി.കെ. നിഷാദ് (35), ഡിവൈ.എഫ്.ഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമായ വെള്ളൂരിലെ ടി.സി വി.നന്ദകുമാർ (35)എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ മറ്റ് രണ്ട് പ്രതികളായ എ. മിഥുനെയും കെ.വി. കൃപേഷിനെയും കോടതി വെറുതെവിട്ടു.
2012 ആഗസ്റ്റ് 1നാണ് കേസിനാസ്പദമായ സംഭവം. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ നടന്ന പ്രതിഷേധത്തിനിടെയാണ് പയ്യന്നൂർ ടൗണിൽ ആക്രമണമുണ്ടായത്.
പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദ് ഉൾപ്പെടെ നാലുപേർ ബൈക്കിലെത്തി. പൊലീസ് പിന്തുടർന്നപ്പോൾ അന്നത്തെ പയ്യന്നൂർ എസ്.ഐ കെ.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അന്ന് എസ്.എഫ്.ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് പൊട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വധശ്രമം,സ്‌ഫോടകവസ്തു കൈവശം വയ്ക്കൽ, ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |