തിരുവനന്തപുരം: സായുധ പൊലീസ് ബറ്റാലിയൻ മേധാവി എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. എക്സൈസ് കമ്മിഷണറായിരുന്ന മഹിപാൽ യാദവിന് പകരമാണ് നിയമനം. അസുഖ ബാധിതനായ മഹിപാലിന് 31വരെ അവധി അനുവദിച്ചു. ചികിത്സയ്ക്കായി അദ്ദേഹത്തെ സ്വദേശമായ രാജസ്ഥാനിലേക്ക് എയർ ആംബുലൻസിൽ അടുത്തിടെ കൊണ്ടുപോയിരുന്നു. ഓഗസ്റ്റിൽ മഹിപാൽ വിരമിക്കും.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കാട്ടി ഡി.ജി.പി റവാഡ ചന്ദ്രശേഖർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ മേയിൽ അജിത്തിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ അടക്കം എതിർപ്പിനെത്തുടർന്ന് നിയമനം റദ്ദാക്കിയിരുന്നു.
ഗോവിന്ദച്ചാമി ജയിൽ ചാടിയ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയെയും മാറ്റാനിടയുണ്ട്. അദ്ദേഹത്തിന് ബറ്റാലിയന്റെ ചുമതല നൽകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |