
കൊച്ചി: ഗൾഫ് നാടിന് പ്രിയപ്പെട്ടതായതോടെ വാഴക്കുളം പൈനാപ്പിൾ പുതുവർഷം മുതൽ പതിവായി കടൽ കടക്കും. വിളവെടുത്ത് 20 ദിവസം വരെ കേടാകാതിരിക്കാൻ പ്രത്യേകമായി കൃഷി ചെയ്യുന്നതാണ് വാഴക്കുളം പൈനാപ്പിൾ. പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഏഴിനാണ് കൂത്താട്ടുകുളം മണ്ണത്തൂരിൽ നിന്നുള്ള 15 ടൺ കപ്പലിൽ ദുബായിലേക്കയച്ചത്. പത്താംദിവസം ദുബായിലെത്തിയ പഴത്തിന് 16-ാം ദിവസവും കേടില്ലെന്നുകണ്ടെത്തി. ചില്ലറവില്പനയിലും വൻപ്രിയമേറി.
ഭൗമസൂചികാപദവിയുള്ള വാഴക്കുളം പൈനാപ്പിൾ പതിവായി വാങ്ങാമെന്ന് ഗൾഫിലെ ഇറക്കുമതിക്കാർ അറിയിച്ചു. കൂടുതൽ കയറ്റുമതി സ്ഥാപനങ്ങളും രംഗത്തുണ്ട്. കൂത്താട്ടുകുളം സ്വദേശികളായ പോൾ എൽദോ, സാബു വർഗീസ്, പവൽ എൽദോസ് എന്നിവരുടെ തോട്ടത്തിലെ പൈനാപ്പിളാണ് കയറ്റി അയച്ചത്. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട് എക്‌സ്‌പോർട്ട് ഡെവലപ്മെന്റ് അതോറിട്ടിയാണ് നടപടിയാരംഭിച്ചത്. ജനുവരിയിൽ അടുത്തത് വിളവാകും. കയറ്റുമതിക്കുള്ള പൈനാപ്പിളിന്റെ കൃഷി കൂടുതൽ സ്ഥലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.
പരീക്ഷണക്കൃഷി കീരമ്പാറയിൽ
കൂടുതൽ സൂക്ഷിപ്പുകാലത്തിനായി കേരള കാർഷിക സർവകലാശാലയുടെ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണകേന്ദ്രം 2020-21ൽ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. ഇത് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലുമായി (വി.എഫ്.പി.സി.കെ) പങ്കുവച്ചു. കോതമംഗലം കീരമ്പാറയിൽ പരീക്ഷണക്കൃഷി നടത്തി. 2024 ഏപ്രിലിൽ വിളവെടുത്ത പൈനാപ്പിൾ 18 ദിവസം കേടാകാതെയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ മണ്ണത്തൂരിലാണ് 40,000 തൈകൾ നട്ടത്. ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചു. ഇതാണ് കയറ്റുമതി ചെയ്‌തത്.
'കാത്സ്യം, പൊട്ടാഷ് മിശ്രിതമാണ് പൈനാപ്പിളിന് കൂടുതൽ സൂക്ഷിപ്പുകാലം ലഭിക്കാൻ പ്രയോഗിച്ചത്. 90 ദിവസം കഴിഞ്ഞ് വളമോ കീടനാശിനിയോ പ്രയോഗിച്ചില്ല. ഉയർന്ന വിളവും ഒന്നരക്കിലോ ഭാരമുള്ള പൈനാപ്പിളും ലഭിച്ചു".
- ഡോ. ടി. മായ,
അസോസിയേറ്റ് പ്രൊഫസർ പൈനാപ്പിൾ ഗവേഷണ കേന്ദ്രം
'കയറ്റുമതിക്ക് അനുയോജ്യമായ രീതിയിൽ കൂടുതൽപ്പേർ കൃഷി ചെയ്യുന്നുണ്ട്. ഉത്പാദനം വർദ്ധിക്കുമ്പാൾ അടുത്തവർഷം എല്ലാ ദിവസവും കപ്പലിൽ അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ".
- സാബു വർഗീസ്, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |