കോഴിക്കോട്: രുചിവൈവിദ്ധ്യം ആവോളമുള്ള കോഴിക്കോട് കലാരവം നിറയുകയാണ്. കുലിക്കെയുടുത്ത കലക്കൻ സർബത്ത് പോലെ.. പതിനാല് ജില്ലകളുടെ സംഗമ ഭൂമിയായി അഞ്ച് ദിനം കോഴിക്കോട് മാറുമ്പോൾ മൊഞ്ചേറെയുണ്ടാവും കണ്ണിനും കാതിനും മനസിനും . കൊവിഡ് കർട്ടനിടീച്ച ഇടവേളയുടെ ക്ഷീണം തീർക്കാൻ അടിമുടിയുണ്ട് പുതുമ.
വേദികളെല്ലാം മനസിൽ പതിഞ്ഞ കഥകളുടെ ഓർപ്പെടുത്തൽ. പ്രധാനവേദിയായ വെസ്റ്റ് ഹില്ലിലെ ക്യാപ്ടൻ വിക്രം മൈതാനത്തിന് നൽകിയിരിക്കുന്നത് ഒരു ദേശത്തിൻ്റെ കഥയിലെ അതിരാണിപ്പാടം. മാധവിക്കുട്ടിയുടെ പുന്നയൂർക്കുളവും എം.ടി.വാസുദേവൻ നായരുടെ കൂടല്ലൂരും യു.എ.ഖാദറിൻ്റെ തൃക്കോട്ടൂരും ഒ.വി.വിജയൻ്റെ തസ്രാക്കും യു.കെ.കുമാരൻ്റെ തക്ഷൻകുന്നുമെല്ലാം വീണ്ടും കോറിയിടുന്നു. ഭൂമി, ബേപ്പൂർ, പാണ്ഡവപുരം, തൃക്കോട്ടൂർ, തിക്കോടി, പാലേരി, മൂപ്പിലശേരി, ഉജ്ജയിനി, തിരുനെല്ലി, മയ്യഴി, അവിടനെല്ലൂർ, ഊരാളിക്കുടി, കക്കട്ടിൽ, ശ്രാവസ്തി, ഖജുരാഹോ, തച്ചനക്കര, ലന്തൻബത്തേരി, മാവേലിമന്റം തുടങ്ങിയ പേരുകളിലാണ് മറ്റ് വേദികൾ.
എട്ട് ഏക്കർ വിസ്തൃതിയാണ് വിക്രം മൈതാനിയെ കലോത്സവത്തിന്റെ പ്രധാന വേദിയാക്കി മാറ്റിയത്. ശാസ്ത്രീയ നൃത്തങ്ങളടക്കം നിറപ്പകിട്ടാർന്ന ഇനങ്ങൾ പ്രധാന വേദികളിൽ നടക്കുമ്പോൾ നാടകങ്ങളുടെ വേദി നഗരത്തിലെ സാമൂതിരി സ്‌കൂൾ മുറ്റത്താണ്.
അപ്പീൽ, മുഖം തിരിച്ച് കോടതി
അപ്പീലുകളോട് കോടതികൾ വരെ മുഖം തിരിച്ചതോടെ ഇത്തവണ അപ്പീൽ പ്രളയം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് സംഘാടകർ. തൃശൂരിൽ നടന്ന 2004ലെ കലോത്സവത്തിലാണ് അപ്പീൽ പ്രളയത്തിന്റെ തുടക്കം. അന്നത്തെ ആകെ അപ്പീലുകൾ 667. ഭൂരിഭാഗവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർ അനുവദിച്ചവയായിരുന്നു. മത്സര തലേന്നുവരെ അപ്പീൽ അനുവദിച്ച സംഭവം തന്നെ ആദ്യമായിട്ടായിരുന്നു. പിന്നീട് മത്സരത്തിന് തൊട്ടു മുമ്പുവരെ കോടതി വിധി സമ്പാദിച്ചെത്തിയവർ വേദിയിൽ കയറി. 2004ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി, സംസ്ഥാന കലോത്സവം കുറ്റമറ്റതാക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ പിന്നീടുള്ള മന്ത്രിമാരും മുഖ്യമന്ത്രിമാരും ഇതേ പല്ലവി ആവർത്തിക്കുന്നതാണ് കാഞ്ഞങ്ങാടുവരെ കണ്ടത്. പക്ഷെ, ഇത്തവണ ഹൈക്കോടതി തന്നെ അപ്പീലുകളെല്ലാം തള്ളിക്കൊണ്ട് ശക്തമായ നിലപാടെടുത്തു. അപ്പോഴും ജില്ലാതലത്തിൽ കോഴിക്കോടിന് 40 അപ്പീലുകൾ അനുവദിച്ചതിനെ കുറിച്ച് ആക്ഷേപമുണ്ട്. മറ്റ് ജില്ലകളിലെ അപ്പീലുകൾ 30ന് താഴെ മാത്രമേയുള്ളൂ. ഏറ്റവും കൂടുതൽ പരാതി ഉയർന്ന തിരുവന്തപുരം ജില്ലയിൽ നിന്ന് 206 അപ്പീലുകളെത്തിയപ്പോൾ അനുവദിച്ചത് 26 എണ്ണം മാത്രമാണ്.
താരതമ്യങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കണം. കുട്ടികൾ കഴിവിൻ്റെ പരമാവധി പുറത്തെടുക്കട്ടെ. ഇപ്പോൾ തോന്നുന്ന മത്സരബുദ്ധിക്കപ്പുറം ഈ വേദികളെല്ലാം ഏറ്റവും മികച്ച ഓർമകളായി മാറും.
സുജാത മോഹൻ, ഗായിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |