കോഴിക്കോട് : ട്രാൻസ് ജെൻഡർ സമൂഹത്തിന്റെ നേർസാക്ഷ്യങ്ങൾ ഏറ്റവും ഹൃദയ സ്പർശിയായി പ്രതിഫലിപ്പിക്കാൻ സിനിമയിലൂടെ സാധിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ട്രാൻസ്‌ജെൻഡർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോഴിക്കോട്, കൈരളി, ശ്രീ തിയേറ്ററുകളിലായാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ പ്രയാസങ്ങളും സങ്കടങ്ങളും ആവിഷ്‌കരിക്കാൻ ഏറ്റവും അനുയോജ്യമായ മാധ്യമമാണ് സിനിമയെന്നും രാജ്യങ്ങൾക്കപ്പുറമുള്ള മനുഷ്യരുടെ അനുഭവങ്ങൾ നമ്മളറിഞ്ഞത് സിനിമകളിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം മനുഷ്യരും ട്രാൻസ് സമൂഹത്തെ ഇനിയും ഉൾക്കൊണ്ടിട്ടില്ല. അവരും മനുഷ്യരാണെന്ന ഉറച്ച പ്രഖ്യാപനങ്ങൾ ഇനിയും സമൂഹത്തിലുണ്ടാകണം. അതിനുള്ള വഴിയായി ഫിലിം ഫെസ്റ്റിവൽ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.
ചടങ്ങിൽ സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ അധ്യക്ഷത വഹിച്ചു. നടിയും സംസ്ഥാന അവാർഡ് ജേതാവുമായ നേഗ, നടിയും ആക്ടിവിസ്റ്റുമായ എ രേവതി എന്നിവർ മുഖ്യാതിഥികളായി. അഭിനേതാക്കളായ നാദിറ മെഹർ, സാന്ദ്ര ലാർവിൻ, സഞ്ജന ചന്ദ്രൻ, റിയ ഇഷ, ശീതൾ ശ്യാം, സംവിധായിക എസ് ഏരിയൽ എന്നിവർ അതിഥികളായി. സാമൂഹികനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ സ്വാഗതവും അസി. ഡയറക്ടർ ഷീബ മുംതാസ് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |