കൊച്ചി: ചിക്കന്‍ ബിരിയാണി വാങ്ങുമ്പോള്‍ അതില്‍ നിന്ന് ചിക്കന്‍ പീസ് പ്രതീക്ഷിക്കുന്നത് ഒരു തെറ്റല്ല. കിട്ടിയ പൊതി തുറന്ന് നോക്കുമ്പോള്‍ അതില്‍ ചിക്കന്‍ ഇല്ലെന്ന് കണ്ടാല്‍ ആര്‍ക്കായാലും വിഷമവും ദേഷ്യവുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തുന്നതും ചിലപ്പോഴൊക്കെ സംഭവിക്കാന്‍ സാദ്ധ്യതയുള്ള കാര്യമാണ്. പക്ഷേ ഈ സംഭവം നടന്നത് കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് എന്നതാണ് ട്വിസ്റ്റ്.
കൊച്ചി, പള്ളുരത്തിയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. ചിക്കന്‍ ബിരിയാണിയില്‍ നിന്ന് ചിക്കന്‍ കിട്ടിയില്ല എന്ന പേരില്‍ തമ്മിലടിച്ചതാകട്ടെ രണ്ട് ഹോം ഗാര്‍ഡുകളും. സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ദിനത്തിലാണ് ഈ സംഭവം. സെന്റ് ഓഫ് പാര്‍ട്ടിയുടെ ഭാഗമായി എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ വക ബിരിയാണ് പറഞ്ഞിരുന്നു. ഇതില്‍ ഒരാള്‍ക്ക് കിട്ടിയ ബിരിയാണിയിലാണ് ഇറച്ചി ഇല്ലാതിരുന്നത്.
തുടര്‍ന്ന് ജോര്‍ജ് എന്ന ഹോം ഗാര്‍ഡും, രാധാകൃഷ്ണന്‍ എന്ന മറ്റൊരു ഹോം ഗാര്‍ഡും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. കളി കാര്യമായപ്പോള്‍ പൊരിഞ്ഞ അടിയായി. അടികൂടി ഇരുവരും റോഡിലേക്ക് സ്‌റ്റേഷന്റെ മുന്നിലേക്ക് എത്തിയതോടെ സംഭവം ആകെ നാണക്കേടായി മാറി. അടപിടിയില്‍ രാധാകൃഷ്ണന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |