തൊടുപുഴ: 'മഞ്ഞുമ്മൽ ബോയ്സി" ലെ സുഭാഷിനെപ്പോലെ സാംസൺ ജോർജ്ജിന് പുനർജന്മം. വണ്ണപ്പുറത്തിനടുത്ത് കോട്ടപ്പാറ വ്യൂ പോയിന്റിൽവച്ചാണ് 23 കാരനായ സാംസൺ കാൽതെന്നി കൊക്കയിലേക്കു വീണത്. ചെങ്കുത്തായ വഴി, കിഴുക്കാംതൂക്കായ പാറ, സമയം പുലർച്ചെ. അങ്ങനെ പ്രതിസന്ധികൾ ഏറെയായിരുന്നു. രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേന ഒറ്റക്കെട്ടായി നിന്നു. വണ്ണപ്പുറം ചീങ്കൽസിറ്റി അറയ്ക്കത്തോട്ടത്തിൽ സാംസൺ ജോർജ്ജ് ഒരു മണിക്കൂറിലേറെയാണ് മരണത്തെ മുഖാമുഖം കണ്ടത്.
സംഭവം
ഇന്നലെ പുലർച്ചെ 3.15നായിരുന്നു സംഭവം. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് പുലർകാല കാഴ്ച കാണാൻ ശിവാജി, വിഷ്ണു എന്നീ രണ്ട് സുഹൃത്തുക്കൾക്കൊപ്പം സാംസൺ കോട്ടപ്പാറ വ്യൂ പോയിന്റിലെത്തിയത്. മഴ പെയ്തപ്പോൾ പാറയിലൂടെ നടക്കുന്നതിനിടെ സാംസൺ കാലുതെന്നി താഴേക്കുവീണു. ഭാഗ്യത്തിന് 70 അടി താഴ്ചയിൽ പാറയും പുല്ലും നിറഞ്ഞ ഭാഗത്ത് തങ്ങിനിന്നു. ഇല്ലെങ്കിൽ 1500 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് വീഴുമായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സാംസന്റെ കരച്ചിൽ ഇവർക്ക് കേൾക്കാമായിരുന്നു.
രക്ഷാപ്രവർത്തനം
പുലർച്ചെ 3.45ന് തൊടുപുഴ ഫയർ ആൻഡ് സേഫ്‌റ്റി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. പ്രാഥമിക തിരച്ചിലിൽ യുവാവിനെ കണ്ടെത്തി. ഒരു കിലോമീറ്ററോളം ചെങ്കുത്തായ വഴിയിലൂടെ സേനാംഗങ്ങൾ ഇയാൾക്കരികിലെത്തി. സേഫ്റ്റി ഹാർനസും റോപ്പും ധരിച്ച് സേനാംഗങ്ങൾ പാറയിലൂടെ ഇറങ്ങി. താഴെയുണ്ടായിരുന്ന മറ്റ് സേനാംഗങ്ങൾ സാംസണെ റെസ്ക്യൂ നെറ്റിൽ കയറ്റി. പൊലീസുകാരുടെ സഹായത്തോടെ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുകളിലെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
വാരിയെല്ലിനു പൊട്ടൽ
യുവാവിന്റെ ദേഹമാകെ പാറയിൽ ഉരഞ്ഞ് തൊലിപോയ നിലയിലാണ്. വാരിയെല്ലിനു പൊട്ടലുണ്ട്. മറ്റു പരിക്കുകളില്ല. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.ടി. അലക്സാണ്ടർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ (ഗ്രേഡ്) ബിബിൻ എ. തങ്കപ്പൻ, സി.എസ്.എബി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എസ്. ശരത്, ഷിബിൻ ഗോപി, ടി.കെ. വിവേക്, ബി. ആഷിഖ്, ലിബിൻ ജെയിംസ്, അനിൽ നാരായണൻ, ഹോം ഗാർഡുമാരായ പി.കെ. ഷാജി, കെ.ആർ. പ്രമോദ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |