
കൊച്ചി: ആഴക്കടലിലും തീരക്കടലിലും മത്സ്യബന്ധനം നടത്താൻ കപ്പലുകൾക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതോടെ പരമ്പരാഗത മത്സ്യമേഖല ആശങ്കയിൽ.
മത്സ്യത്തൊഴിലാളികൾ പങ്കാളികളായ സഹകരണ സംഘങ്ങൾക്കാണ് അനുമതിയെന്ന് പറയുന്നുണ്ടെങ്കിലും അതിൽ
വൻകിട കമ്പനികളുടെയും വ്യക്തികളുടെയും കപ്പലുകൾക്കും മീൻപിടിത്തം നടത്താനുള്ള പഴുതിട്ടാണ് ഉത്തരവ് ഇറക്കിയത്.
കപ്പലുകളുടെ ഉടമസ്ഥത നിർവചിക്കുന്ന 'ഓപ്പറേറ്റർ" എന്ന പദത്തെ സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കർഷകസമിതികൾ എന്നാണ് വിജ്ഞാപനത്തിൽ വിവരിക്കുന്നത്. സംഘങ്ങളെ മറയാക്കി വൻകിട വ്യക്തികൾക്കും കുത്തകകൾക്കും കടന്നുവരാൻ സാഹചര്യം ഒരുക്കിയെന്നാണ് ആക്ഷേപം.
മുൻപ് ആഴക്കടലിൽ
മത്സ്യബന്ധനം നടത്താൻ കൊടുത്ത അനുമതിയുടെ മറവിൽ വൻകിട കപ്പലുകൾ തീരക്കടലിലേക്ക് കടന്നുകയറിയിരുന്നു. പരമ്പരാഗത തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് അത് അവസാനിപ്പിച്ചത്. ഇപ്പോൾ ആഴക്കടലിലും തീരക്കടലിലും കപ്പലുകൾക്ക് അനുമതി കൊടുത്തിരിക്കുകയാണ്.
സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന സഹകരണ സംഘങ്ങളുടെ കപ്പലുകൾക്ക് അനുമതി നൽകുമെന്നാണ് ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ മാസം നാലിന് ഉത്തരവ് ഇറക്കിയത് വിദേശകാര്യ മന്ത്രാലയമാണ്. ഇതിൽത്തന്നെ ദുരൂഹതയുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അനുമതി നൽകിയത് കഴിഞ്ഞ എട്ടിന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.
24 മീറ്ററിൽ കൂടുതൽ നീളമുള്ള കപ്പലുകൾക്കാണ് അനുമതി.
കടലിലും വിദേശത്തും വില്പന
മത്സ്യങ്ങൾ കപ്പലുകളിൽ തന്നെ സംസ്‌കരിക്കാനും പുറംകടലിൽ വച്ച് വൻകിട കപ്പലുകൾക്ക് കൈമാറാനും (മിഡ് സീ ട്രാൻസ്‌ഫർ) വിജ്ഞാപനത്തിൽ അനുമതിയുണ്ട്. വിദേശ തുറമുഖങ്ങളിൽ കപ്പലുകൾ അടുപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ തീരത്തെത്താതെ മത്സ്യം വിൽക്കാൻ കഴിയും.
``മത്സ്യസമ്പത്ത് വിദേശത്തേക്ക് കടത്താനും പരമ്പരാഗത മേഖലയെ തൊഴിൽരഹിതമാക്കാനുമുള്ള നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.``
`-ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |