
തിരുവനന്തപുരം: ഓൺലൈൻ ടാക്‌സികളായ ഊബറിനും ഓലയ്ക്കുമെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി). സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. രണ്ട് കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം.
സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ഓൺലൈൻ അഗ്രിഗേറ്റർ നയമുണ്ടാക്കിയെങ്കിലും രണ്ട് കമ്പനികളും ഇതിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ആവശ്യപ്പെട്ട വിവരങ്ങളും ഇനിയും നൽകിയിട്ടില്ല. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ ഓഫീസും കോൾ സെന്ററും ഉൾപ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ ഊബറും ഒലെയും ഉൾപ്പെടെയുള്ള ഓൺലൈൻ ടാക്‌സികൾ ഒന്നും സംസ്ഥാനത്ത് അംഗീകൃത ഓഫീസ് തുറന്നിട്ടില്ലെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. താത്‌കാലിക ജീവനക്കാർ മാത്രമാണുള്ളത്. ടാക്‌സി വാഹനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്.
സംസ്ഥാന സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ നിബന്ധനയുമുണ്ട്. കേന്ദ്രം ഇതുസംബന്ധിച്ച് 2020ൽ നയമുണ്ടാക്കിയെങ്കിലും 2024ൽ ആണ് സംസ്ഥാനത്തിന്റെ നയം തയ്യാറായത്. 2025ൽ കേന്ദ്രം നയം പുതുക്കിയെങ്കിലും സംസ്ഥാനം പരിഷ്‌കരിച്ചില്ല. ഈ സാഹചര്യത്തിൽ നിയമ നടപടി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് നിയമോപദേശം തേടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |