
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ആരുടെയും വിജയമോ പരാജയമോ അല്ലെന്നും ആർഎസ്‌എസ് അജണ്ട വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അതിനുവേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല. നയങ്ങളിൽ നിന്ന് പിന്നോട്ടുപോയത് ആരാണെന്ന് ഞാൻ പോസ്റ്റ്‌മോർട്ടം ചെയ്യുന്നില്ല. ഇടത് രാഷ്‌ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽ നിന്നും സിപിഎം പഠിക്കേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
'കത്തയക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സിപിഐക്ക് ആശങ്ക ഉണ്ടായിരുന്നില്ല. മാദ്ധ്യമങ്ങൾക്കായിരുന്നു ആശങ്ക. എസ്‌എസ്‌കെയുടെ 1152.77 കോടി രൂപ കിട്ടുമോയെന്ന് ആശങ്കയുണ്ട്. അത് കിട്ടിയില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രിയായ എനിക്ക് ബാദ്ധ്യതയില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുക്കണം. ആർഎസ്‌എസിനെ എതിർക്കാൻ നമ്മളേയുള്ളു എന്ന ചില കേന്ദ്രങ്ങളുടെ പ്രസ്‌താവന കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയത്.
മറ്റ് കേന്ദ്രഫണ്ടും കിട്ടുമോ എന്ന് പറയാൻ കഴിയില്ല. കിട്ടിയില്ലെങ്കിൽ അത് വിദ്യാഭ്യാസ മന്ത്രിയുടെ കുറവായി കാണേണ്ട. ബിനോയ് വിശ്വത്തിന്റെ ലേഖനം വായിച്ചാൽ അത് ആരിലേക്ക് വിരൽ ചൂണ്ടുന്നുവെന്നത് വ്യക്തമാണ്. നമ്മളൊന്നും മണ്ടന്മാരല്ല. ഞാൻ വസ്‌തുത പറയുകയാണ്. തിരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല. രൂപീകരിച്ച കമ്മിറ്റിയെ പോലും ഇന്നലെ പുച്ഛിച്ചു. പിഎം ശ്രീയിൽ നിന്നും പിന്മാറിയിട്ടില്ല. താൽക്കാലികമായി മരവിപ്പിച്ചതേയുള്ളു. രൂപീകരിച്ച സമിതി യോഗം ചേരും. കൃത്യമായ നിർദേശങ്ങൾ രേഖപ്പെടുത്തി മുന്നോട്ടുപോകും. സമിതിയെ പുച്ഛിക്കേണ്ട കാര്യമില്ല' - മന്ത്രി ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |