കൊച്ചി: പാതയോരം ഉൾപ്പെടെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. മുമ്പ് സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ആറു മാസത്തിനകം നയം രൂപീകരിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്.
കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ച് തദ്ദേശ ഭരണ സെക്രട്ടറി രണ്ടാഴ്ചയ്‌ക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകണം. നടപടി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.
പന്തളം മന്നം ഷുഗർമില്ലിന് മുമ്പിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കുന്നതു സംബന്ധിച്ച ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. നീക്കിയ കൊടിമരങ്ങൾ വീണ്ടും സ്ഥാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ കോടതി ഇടപെടണമെന്നായിരുന്നു ആവശ്യം.
അനധികൃത കൊടിമരങ്ങൾ സംസ്ഥാനത്ത് വ്യാപകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്ന് തുടർച്ചയായ നിർദ്ദേശങ്ങളുണ്ടായിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല. സർക്കാർ വർഷങ്ങളായി പല ഉറപ്പുകളും നൽകി. കോടതി അവ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ലക്ഷ്യത്തിലെത്തിയില്ലെന്നും വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |