തിരുവനന്തപുരം: 20 ദിവസമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്- 35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ 40 അംഗ സംഘം ഇന്നെത്തും. വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും ബ്രിട്ടീഷ് സേനയുടെയും എൻജിനിയർമാരാണ് പ്രത്യേക വിമാനത്തിലെത്തുന്നത്. നിലവിൽ വിമാനത്തിനടുത്ത് ബ്രിട്ടീഷ് നാവികസേനയുടെ ഏതാനും ഉദ്യോഗസ്ഥരുണ്ട്. ഇവർക്ക് വിമാനത്തിൽ കയറാൻ അനുവാദമില്ല. ജൂൺ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം വിമാനം ഇവിടെയിറക്കിയത്.
മൂന്ന് സാദ്ധ്യതകളാണ് സംഘം പരിഗണിക്കുന്നത്. വിമാനത്താവളത്തിലെ പാർക്കിംഗ് ബേയിൽ വച്ച് തകരാർ പരിഹരിക്കുക, എയർഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുക, രണ്ടും സാദ്ധ്യമായില്ലെങ്കിൽ ചിറകുകൾ അഴിച്ചുമാറ്റി ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ എയർലിഫ്‌റ്റ് നടത്തുക. വിമാനം എയർലിഫ്‌റ്റിംഗ് നടത്തുകയാണെങ്കിൽ വിമാനത്താവളത്തിലെ പാർക്കിംഗ്, ഹാൻഡ്‌ലിംഗ്, ലാൻഡിംഗ് ഫീസുകൾ ബ്രിട്ടീഷ് സേന അടയ്ക്കും.
77ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ രണ്ട് എഫ്- 35 വിമാനങ്ങളെ വരെ വഹിക്കാം. എന്നാൽ, യുദ്ധവിമാനത്തിന് 14മീറ്റർ നീളവും 11മീറ്റർ വീതിയുമുണ്ട്. ഗ്ലോബ് മാസ്റ്ററിന് 4മീറ്ററാണ് വീതിയെന്നതിനാലാണ് എയർലിഫ്‌റ്റിംഗ് വേണ്ടിവന്നാൽ ചിറുകകൾ അഴിച്ചുമാറ്റേണ്ടി വരുന്നത്. വിമാനത്തെ ഹാംഗറിലേക്ക് വലിച്ചുകൊണ്ടുപോവാനുള്ള സംവിധാനങ്ങളുമായാണ് വിദഗ്ദ്ധസംഘം എത്തുന്നത്. വിമാനത്തിന് ഗുരുതര ഹൈഡ്രോളിക് തകരാറാണെന്നാണ് സൂചന. 115ദശലക്ഷം ഡോളർ (995കോടിരൂപ) വിലയുള്ള വിമാനമാണിത്. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റുരാജ്യങ്ങൾക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്.
വിമാനത്തിന് 'ആധാർ" കാർഡും
എഫ്- 35 വിമാനത്തിന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ വർഷമാണ്. എഫ്- 35ബി നായർ എന്ന പേരിലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വിലാസത്തിലും വിമാനത്തിന്റെ ചിത്രം സഹിതം തയ്യാറാക്കിയ ആധാർ കാർഡ് പ്രചരിക്കുന്നുണ്ട്. വിമാനത്തിൽ ഭക്ഷണശാല തുറന്നതിന്റെ ചിത്രവും ട്രോളായി പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |