
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളും സുരക്ഷയുമുള്ളതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത അമൃത് ഭാരത് ട്രെയിനുകൾ. മുന്നിലും പിന്നിലും പുഷ്പുൾ ലോക്കോ മോട്ടീവ് എൻജിൻ ഘടിപ്പിച്ച ട്രെയിൻ, മണിക്കൂറിൽ 130കിലോമീറ്റർ വരെ വേഗത്തിലോടും. 500 കിലോമീറ്റർ അകലെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് സർവീസുകൾ. സാധാരണക്കാർക്കായി കുറഞ്ഞ ചെലവിൽ യാത്രാസൗകര്യമൊരുക്കുന്ന നോൺ എ.സി രാത്രികാല സ്ളീപ്പർ ട്രെയിനുകളാണിത്. സാധാരണ എക്സ്പ്രസ് ട്രെയിനുകളെക്കാൾ നിരക്ക് കുറവ്. ഓരോ ട്രെയിനിലും 11 ജനറൽ കോച്ചുകളും 8 സ്ലീപ്പർ കോച്ചുകളുമാണുള്ളത്. 1,740 പേർക്ക് യാത്ര ചെയ്യാം. മികച്ച ഇന്റീരിയർ, കുഷ്യൻ സീറ്റുകൾ, സി.സി ടിവി ക്യാമറ, അഗ്നിരക്ഷാ സംവിധാനങ്ങൾ, എയർ സ്പ്രിംഗ് സസ്‌പെൻഷൻ ബോഗികൾ, ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, മൊബൈൽഫോൺ ഹോർഡർ, റീഡിംഗ് ലൈറ്റ്, സെൻസർ വാട്ടർ ടാപ്പ്, ബയോ വാക്വം ടോയ്‌ലെറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
അന്ത്യോദയ ട്രെയിനുകളിലെ പോലെ പ്രത്യേക നിരക്കാണ് അമൃത് ഭാരത് ട്രെയിനുകൾക്കും. ജനറൽ കോച്ചിൽ 50 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 36 രൂപയും സ്ലീപ്പർ ക്ലാസിൽ 200 കിലോമീറ്റർ വരെ 149 രൂപയുമാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തു നിന്ന് ചെന്നൈ താംബരം, ചെർലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം വഴി മംഗളൂരു ജംഗ്ഷനിലേക്കുമാണ് സർവീസുകൾ.
സമയക്രമം ഇങ്ങനെ
1. നാഗർകോവിൽ- മംഗളൂരു (16329): ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 5ന് മംഗളൂരുവിലെത്തും. തിരിച്ച് (16330)രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര.
2. താംബരം- തിരുവനന്തപുരം (16121): ബുധനാഴ്ചകളിൽ വൈകിട്ട് 5ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 8ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയാണ് യാത്ര. തിരുവനന്തപുരം സെൻട്രൽ, കുഴിത്തുറ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
3. ചർലേപ്പള്ളി- തിരുവനന്തപുരം (17041): ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042) ബുധനാഴ്ച വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചർലേപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, പാലക്കാട്, ജോലാർപേട്ട്, ഗുണ്ടൂർ, നൽഗൊണ്ട വഴിയാണ് യാത്ര.
4. ഗുരുവായൂർ- തൃശൂർ പാസഞ്ചർ ട്രെയിൻ (56116): നിത്യേന വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തിരിച്ച് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും. ഗുരുവായൂർ, പൂങ്കുന്നം, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |