
ന്യൂഡല്‍ഹി: വിമാനത്തിനുള്ളിലെ സുരക്ഷയുടെ ഭാഗമായി കര്‍ശന നിര്‍ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡിജിസിഎ ഇപ്പോള്‍. പവര്‍ ബാങ്കിന് പുറമെ, ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെ ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടാവുകയും തീപിടിത്തം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് തീരുമാനം.
ലിഥിയം ബാറ്ററികള്‍ തീപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണക്കിലെടുത്താണ് തീരുമാനം കര്‍ശനമാക്കിയിരിക്കുന്നത്. ലിഥിയം ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇന്ന് വ്യാപകമാണ്. അതുകൊണ്ട് തന്നെ വിമാനത്തിനുള്ളില്‍ ഇത് ഉപയോഗിക്കുന്നത് വ്യാപകമാണെന്നും തിരിച്ചറിഞ്ഞാണ് നിരോധനം. പവര്‍ ബാങ്കുകള്‍ പോലുള്ള പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ തീപിടിത്തത്തിലുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് ഡിജിസിഎയുടെ സര്‍ക്കുലറില്‍ പറയുന്നത്.
വിമാനത്തിലെ സീറ്റുകള്‍ക്ക് മുകളിലായി നല്‍കിയിട്ടുള്ള ഓവര്‍ഹെഡ് സ്‌റ്റോറേജുകളിലും ക്യാരി ബാഗേജുകളിലും സൂക്ഷിച്ചിട്ടുള്ള ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് തീ പടരുകയോ പുക ഉയരുകയോ ചെയ്താല്‍ ഇത് കണ്ടെത്താന്‍ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഇത് വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഇത്തരം അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് കര്‍ശനമായ നിയന്ത്രണം അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഡിജിസിഎ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ലിഥിയം ബാറ്ററി വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നത് തടയാനും ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നടത്താനും ടെര്‍മിനലുകളിലെ എന്‍ട്രി പോയിന്റുകളിലും ചെക്ക് ഇന്‍ കൗണ്ടറുകളിലും ബോര്‍ഡിങ് ഗേറ്റുകളിലും ലിഥിയം ബാറ്ററിയുടെ തീപിടിത്ത അപകടങ്ങളെ കുറിച്ചുള്ള വ്യക്തമായ സന്ദേശങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കണമെന്ന് വിമാനത്താവള ഓപ്പറേറ്റര്‍മാരോടും ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |