
പത്തനംതിട്ട: പരിശീലനം പൂർത്തിയാക്കി കൊടുംവനത്തിൽ രാത്രി ഷിഫ്റ്റുകളിൽ സ്റ്റേഷൻ ഡ്യൂട്ടിക്കും ഫീൽഡ് സേർച്ചിനും നിയോഗിക്കപ്പെടുന്ന വനംവകുപ്പിലെ വനിതാ ബീറ്റ് ഓഫീസർമാർക്ക് നേരെ ലൈംഗിക ചൂഷണവും. രാവും പകലുമുള്ള ജോലി ഉൾപ്പെടെ പലവിധ സമ്മർദ്ദങ്ങൾ നേരിടുന്നവർക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് പുറത്ത് വരുന്നത്.സുരക്ഷിതമായ താമസ സൗകര്യം,മൊബൈൽ നെറ്റ് വർക്ക്,പൊതുഗതാഗത സൗകര്യങ്ങൾ,മെസ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇല്ലാതെയാണ് പലരും ജോലിചെയ്യുന്നത്.ഇതോടെ ചില വനിതകൾ ജോലി ഉപേക്ഷിച്ചും മറ്റുചിലർ ദീർഘാവധിയിലും പോയി.
അന്വേഷിക്കുന്നത് ക്ളാർക്കും അക്കൗണ്ടന്റും !
ക്രിമിനൽ സ്വഭാവമുള്ള പരാതികൾ പൊലീസിന് കൈമാറണമെന്നാണ് ചട്ടം.എന്നാൽ വനംവകുപ്പിലെ ഇന്റേണൽ കംപ്ലയിൻസ് കമ്മിറ്റികളാണ് (ഐ.സി.സി)പരാതികൾ അന്വേഷിക്കുന്നത്.സീനിയർ ക്ളാർക്കും ഹെഡ് അക്കൗണ്ടന്റും അടങ്ങുന്നതാണ് സമിതി.ഐ.സി.സി കുറ്റക്കാരെ വെള്ളപൂശുകയും പരാതിക്കാരെ അവഹേളിക്കുകയുമാണെന്ന് വനിതാ വനപാലകർ ആരോപിക്കുന്നത്.പുറംലോകമറിയാതെ പരാതിക്കാരെ സ്വാധീനിച്ച് ഒത്തുതീർപ്പാക്കാനാണ് ഐ.സി.സി ശ്രമിക്കുന്നത്.പരാതിക്കാർ ഉറച്ചുനിന്നാൽ കുറ്റാരോപിതനെ തൊട്ടടുത്ത വനം ഡിവിഷനിലേക്ക് സ്ഥലംമാറ്റി നടപടി ലഘൂകരിക്കും.
റേഞ്ച് ഓഫീസർ മുതൽ ഫോറസ്റ്റ് ഓഫീസർ വരെ
2026 ഫെബ്രുവരി: വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പത്തനംതിട്ട ചിറ്റാർ കൊച്ചുകോയിക്കൽ ഫോറസ്സ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ അശോകനെ പൊലീസ് അറസ്റ്റുചെയ്തു.
2025 ഒക്ടോബർ: അതിരപ്പള്ളി വാഴച്ചാലിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോൺസൺ അറസ്റ്റിലായി.
2025 സെപ്തംബർ: വയനാട് സുഗന്ധഗിരിയിൽ വനിതാ ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. രതീഷ് കുമാറിനെ സസ്പെൻഡ് ചെയ്തു,
2025 മാർച്ച്: മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വനിതാ ഉദ്യോഗസ്ഥ വനിതാ കമ്മിഷനിൽ പരാതി നൽകി.
2024 ജൂലായ്: മൂന്ന് വനിതാ ബീറ്റ് ഓഫീസർമാരുടെ പരാതിയെ തുടർന്ന് എരുമേലി റേഞ്ച് ഓഫീസർ ബി.ആർ. ജയനെ സസ്പെൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |