തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കബറടക്കം പിന്നീട് നടത്തും.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാൻ ആണ്.
രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഒഫ് ഇന്ത്യയുടെ (സിബിസിഐ) വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 2004ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി പ്രവർത്തിച്ചു. 1997ലാണ് തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റത്. പത്തുവർഷം തൽസ്ഥാനത്ത് തുടർന്നു. 22 വർഷമാണ് മാനന്തവാടി രൂപതയുടെ ആർച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചത്.
കോട്ടയം ജില്ലയിൽ പാലാ വിളക്കുമാടത്ത് കർഷകരായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബർ 13നായിരുന്നു ജനനം. കുടുംബം പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേയ്ക്ക് കുടിയേറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |