
തിരുവനന്തപുരം:ശബരിമലയും ഗുരുവായൂരും പോലുള്ള ക്ഷേത്രങ്ങളിലെ ദൈവങ്ങൾക്കുപോലും കൊള്ളയിൽ നിന്ന് രക്ഷയില്ലാത്ത കാലത്ത് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന നല്ല വാർത്തകൾ ഇടയ്ക്കെങ്കിലും നൽകാൻ മാദ്ധ്യമങ്ങൾ തയ്യാറാകണമെന്ന് ഗവർണർ ആർ.വി.ആർലേക്കർ പറഞ്ഞു.
114-ാമത് വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചു തയ്യാറാക്കിയ
"ശ്രീപദ്മനാഭം" പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം നിറഞ്ഞ സമൂഹത്തിന് നല്ലത് കാട്ടിക്കൊടുക്കാൻ മാദ്ധ്യമങ്ങൾക്കാകണം. ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ നവോത്ഥാന സങ്കൽപം ഉപദേശിക്കുന്നതും ഇക്കാര്യമാണ്. പദ്മനാഭസ്വാമി ക്ഷേത്രം പോലുള്ള ചരിത്ര,സാംസ്ക്കാരിക നിർമ്മിതികൾ മനുഷ്യർക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്നുണ്ട്. അത് നമ്മുടെ സാംസ്ക്കാരിക പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്നു. അഭിമാനവും പ്രതീക്ഷയും നിറയ്ക്കുന്നു. അതിലേക്ക് വിരൽചൂണ്ടുന്ന കേരളകൗമുദിയുടെ ശ്രീപദ്മനാഭം പുസ്തകം സമൂഹത്തിന് ഗുണം ചെയ്യും.
114 വർഷത്തെ കേരളകൗമുദിയുടെ ചരിത്രം രാജ്യചരിത്രത്തിന്റെ കൂടി സാക്ഷ്യപത്രമാണ്. മഹാത്മജിയുടെ സ്വാതന്ത്ര്യ സമരം, നാരായണഗുരു, ടാഗോർ തുടങ്ങിയവരുടെ ചിന്താസരണി, വന്ദേഭാരതം ഉണ്ടാക്കിയ പ്രചോദനം, ഭാരത് മാതാ കി ജയ് നൽകിയ ആവേശം. ഇതെല്ലാം പത്രത്താളുകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇന്ന് എസ്.ഐ.ടി ശബരിമലകേസിൽ ആരെ അറസ്റ്റ് ചെയ്തെന്നാണ് വാർത്ത. ഞാൻ ആരാണെന്ന് ചിന്തിച്ചിരുന്ന ജനങ്ങൾ ഇന്ന് ചിന്തിക്കുന്നത് ഞാൻ എവിടെയാണ് എന്നാണ്. ഇത് അവരുടെ ചിന്തകളെയും സാമൂഹികമനോഭാവത്തെയും രാഷ്ട്രീയത്തെയും സ്വാധീനിക്കും. അത് നേർവഴിക്കാക്കേണ്ടത് മാദ്ധ്യമധർമ്മമാണെന്നും അദ്ദേഹംഓർമ്മിപ്പിച്ചു.
2047ഒാടെ വികസിത ഭാരതമെന്ന ലക്ഷ്യസാഷാത്ക്കാരത്തിലേക്കാണ് രാജ്യം മുന്നേറുന്നത്. വികസിത ഭാരതം സാമ്പത്തിക വളർച്ച മാത്രമല്ല. സാംസ്ക്കാരത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യം,വ്യവസായം തുടങ്ങിയ മേഖലകളിലും പ്രാവർത്തികമാകണമെന്ന് ഗവർണർ പറഞ്ഞു.
ഹോട്ടൽ ഡിമോറയിൽ നടന്ന ചടങ്ങിൽ മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഗവർണർക്ക് ഉപഹാരം സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |