SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.48 AM IST

സർക്കാരിന്റെ നിർണായക തീരുമാനം: പി.എസ്.സി അപേക്ഷ പ്രായം 4 വർഷം കൂട്ടി

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 40 വയസാക്കി ഉയർത്തി സർക്കാരിന്റെ സുപ്രധാന തീരുമാനം. നിലവിൽ നിലവിൽ 36 വയസായിരുന്നു. ഒ.ബി.സി (ഈഴവ, മുസ്‍ലിം ഉൾപ്പെടെ) വിഭാഗത്തിലുള്ളവർക്ക് 39ൽ നിന്ന് 43 വയസാക്കി. പട്ടിക വിഭാഗക്കാർക്ക് 41ൽ നിന്ന് 45 വയസുവരെയും ഉയർത്തി. വിധവകൾക്ക് നിലവിൽ 5 വർഷം പ്രായപരിധിയിൽ ഇളവുണ്ട്. ഇവർക്കും നാലുവർഷത്തിന്റെ ആനുകൂല്യം ലഭിക്കും.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാർ ജോലി പ്രതീക്ഷിക്കുന്ന നിലവിൽ പ്രായപരിധി കഴിഞ്ഞവരടക്കം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഗുണകരമാകും. കൂടുതൽപേർക്ക് അപേക്ഷിക്കാനുമാകും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിർണായക തീരുമാനം. പ്രായപരിധി കാലോചിതമായി പരിഷ്കരിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.

പെൻഷൻ പ്രായം 55 ആയിരുന്നപ്പോൾ പി.എസ്.സി അപേക്ഷാ പ്രായം 35 ആയിരുന്നു. ഇരുപത് വർഷം മിനിമം സർവീസ് ലഭിക്കാനായിരുന്നു ഇത്. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ, വിരമിക്കൽ പ്രായം ഏകീകരിച്ചു. പിന്നാലെ 2012ൽ ഉമ്മൻചാണ്ടി സർക്കാർ പെൻഷൻ പ്രായം 56 ആക്കി. അപേക്ഷിക്കാനുള്ള പ്രായപരിധി 36മാക്കി.

പങ്കാളിത്ത പെൻഷൻ വന്നതോടെ 2013 ഏപ്രിൽ ഒന്നിനു ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി വർദ്ധിപ്പിച്ചു. എന്നാൽ, പി.എസ്‌.സി വഴി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസായി തുടരുകയായിരുന്നു. ഇതിന് ആനുപാതികമായാണ് ഇപ്പോഴത്തെ വർദ്ധന. ഉയർന്ന പ്രായപരിധി 50 വയസ് കവിയാൻ പാടില്ലെന്ന നിലവിലെ വ്യവസ്ഥയിലും മാറ്റം വരുത്തിയേക്കും.

പെൻഷൻ പ്രായം

കൂട്ടാനുള്ള നീക്കം?

1. ജീവനക്കാരുടെ പെൻഷൻ പ്രായം അറുപത് ആക്കുന്നതിന് മുന്നോടിയായാണ് നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടിയതെന്ന് വിമർശനം

2. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്‌മയും നിലവിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ച് ഭൂരിഭാഗം സംസ്ഥാനങ്ങളും അപേക്ഷാ പ്രായപരിധി വർദ്ധിപ്പിച്ചിട്ടുണ്ട്

സർവകലാശാലയിലും

കോളേജുകളിലും 50

സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും അസി. പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി നേരത്തേ 40ൽനിന്ന് 50 വയസാക്കിയിരുന്നു. ഉയർന്ന ബിരുദങ്ങൾ നേടുന്നവർക്ക് കോളേജ് അദ്ധ്യാപകരായി അപേക്ഷിക്കാൻ പ്രായപരിധി തടസമാവുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേസമയം, നിയമനത്തിന് യു.ജി.സി പ്രായപരിധി നിർദ്ദേശിക്കുന്നില്ല. കേന്ദ്ര സർവകലാശാലകളിലും മറ്റുപല സംസ്ഥാനങ്ങളിലും പ്രായപരിധിയില്ല.

പ്രായപരിധി മറ്റ്

സംസ്ഥാനങ്ങളിൽ

തെലങ്കാന----------46

ഗോവ-----------------45

ആന്ധ്രാപ്രദേശ്---42

ഒഡീഷ----------------42

ഹരിയാന-----------42

ഉത്തരാഖണ്ഡ്-----42

ഛത്തീസ്ഗഢ്-----40

മദ്ധ്യപ്രദേശ്---------40

ഉത്തർപ്രദേശ്-----40

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.