
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ-നൈപുണ്യ മേഖലയിൽ ചരിത്രപരമായ മുന്നേറ്റത്തിന് വഴിയൊരുക്കി ജർമ്മൻ നിക്ഷേപം. ജർമ്മനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകളുടെ കൂട്ടായ്മയായ 'നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി' കേരളത്തിൽ 9,000 കോടി രൂപയുടെ (ഒരു ബില്യൺ യൂറോ) നിക്ഷേപം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസും കേരള സ്റ്റാർട്ടപ്പ് മിഷനും ജർമനിയിലെ നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയും ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാനത്ത് 300 പുതിയ 'ഡീപ് ടെക്' സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ ഈ പദ്ധതി സഹായകമാകും.
ആറാഴ്ച മുൻപ് ജർമ്മനിയിൽ നിന്നെത്തിയ 27 അംഗ നിക്ഷേപക സംഘവുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകളുടെ വിജയമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി, തൊഴിൽ, നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ്., ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു , സിനിമാ താരം നിവിൻ പോളി, ജർമ്മൻ പ്രതിനിധികളായ തോമസ് ന്യൂമാൻ, റുബീന സെർൺ-ബ്രൂയർ, ബെർണാർഡ് ക്രീഗർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എമർജിംഗ് ടെക് ഹബ്ബായി കേരളം മാറുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കിയും സ്വകാര്യ നിക്ഷേപം സമാഹരിച്ചുമുള്ള എമർജിംഗ് ടെക്നോളജി ഹബ്ബായി കേരളം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2025ൽ 'കേരള ഫ്യൂച്ചർ ഫോറം: എ ഡയലോഗ് വിത്ത് ദി ചീഫ് മിനിസ്റ്റർ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംരംഭക മേഖലയിൽ പ്രവർത്തിക്കാനും സ്വപ്നം കാണാനും പുതിയ ഉയരങ്ങൾ താണ്ടാനും പറ്റിയസ്ഥലമാണിതെന്ന ചിന്ത ചെറുപ്പക്കാർക്കിടയിൽ രൂപപ്പെടുത്താൻ കേരളത്തിനായി. സംസ്ഥാനത്തുടനീളമുള്ള വിജ്ഞാന വ്യവസായങ്ങളെ വികേന്ദ്രീകരിക്കാനും തുല്യ വളർച്ച ഉറപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന മൂന്ന് താത്പര്യപത്രങ്ങൾ ചടങ്ങിൽ കൈമാറി. തിരുവനന്തപുരം കരമനയിൽ സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ദുബായ് സെന്റർ ഓഫ് എ.ഐ ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സയിദ് അൽ ഫലാസി,
ഇൻഫോസിസ് കോഫൗണ്ടർ എസ്.ഡി.ഷിബുലാൽ,തൊഴിൽ വകുപ്പ് സെക്രട്ടറി എസ്.ഷാനവാസ്,ഇലക്ടോണിക്സ് ഐ.ടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു,നടൻ നിവിൻ പോളി,സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 20
മുതൽ കൊച്ചിയിൽ
കൊച്ചി: സംസ്കാരം, സംവാദം, സമത്വം, സമാധാനം, സാഹോദര്യം എന്നീ മൂല്യങ്ങളിലൂന്നിയുള്ള രാജ്യത്തെ ആദ്യ കൾച്ചറൽ കോൺഗ്രസിന് എറണാകുളം വേദിയാകുന്നു. 20 മുതൽ 23 വരെ ദർബാർഹാൾ ഗ്രൗണ്ട്, രാജേന്ദ്ര മൈതാനം, ലളിതകലാ അക്കാഡമി ഹാൾ, ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം, സുഭാഷ് പാർക്ക്, ഫൈൻ ആർട്സ് ഹാൾ വേദികളിലായി നടക്കുന്ന പരിപാടി 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 23ന് നടൻ മമ്മൂട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് എഴുത്തുകാരും ചരിത്രകാരന്മാരും സിനിമ - കലാപ്രവർത്തകരും പങ്കെടുക്കും. കലാപരിപാടികൾ, സംവാദങ്ങൾ, സെമിനാർ, അഭിമുഖങ്ങൾ, നാടകം, സിനിമ, ഗോത്ര - നാടൻ - ക്ലാസിക്കൽ കലാ അവതരണങ്ങൾ എന്നിവ അരങ്ങേറും.
മതം, വർണം, വംശം തുടങ്ങിയ സങ്കുചിത താത്പര്യങ്ങൾക്കതീതമായ സാംസ്കാരിക കൂട്ടായ്മയാണ് ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംഘാടക സമിതി ചെയർമാനായ മന്ത്രി പി. രാജീവ്, വൈസ് ചെയർമാൻ മേയർ അഡ്വ.എം. അനിൽ കുമാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |